NEHEMIA 9:32-37

NEHEMIA 9:32-37 MALCLBSI

മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയൻരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സർവജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകൾ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ. ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു. ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്‌കിയ മുന്നറിയിപ്പും അവഗണിച്ചു. അവിടുന്ന് അവർക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകൾ അനുഭവിക്കുമ്പോഴും അവർ അങ്ങയെ സേവിച്ചില്ല. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഉപേക്ഷിച്ചുമില്ല. ഞങ്ങൾ ഇന്ന് അടിമകളാണ്; സൽഫലങ്ങളും നന്മകളും അനുഭവിക്കാൻ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു ഞങ്ങൾ ഇന്ന് അടിമകളാണ്. ഞങ്ങളുടെ പാപങ്ങൾ നിമിത്തം അവിടുന്നു ഞങ്ങളുടെമേൽ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാർ ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേൽ എന്തും പ്രവർത്തിക്കാനുള്ള അധികാരം അവർക്കുണ്ട്. ഞങ്ങൾ വലിയ കഷ്ടതയിൽ ആയിരിക്കുന്നു.

NEHEMIA 9 വായിക്കുക