നെഹെമ്യാവ് 13:10-31
നെഹെമ്യാവ് 13:10-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലേവ്യർക്ക് ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത് എന്നു ചോദിച്ച് അവരെ കൂട്ടിവരുത്തി അവരുടെ സ്ഥാനത്ത് നിർത്തി. പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്ന് എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം. എന്റെ ദൈവമേ, ഇത് എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കുംവേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ. ആ കാലത്ത് യെഹൂദായിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടു കയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു. സോര്യരും അവിടെ പാർത്തു മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്? നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർഥമൊക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർധിപ്പിക്കുന്നു എന്ന് അവരോടു പറഞ്ഞു. പിന്നെ ശബ്ബത്തിന് മുമ്പേ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിനു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി. അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാർത്തു. ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്ന് അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു. ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ. ആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു. അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. അവരെ ഞാൻ ശാസിച്ചു ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത് എന്ന് ആജ്ഞാപിച്ച് അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു. യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിനു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ. നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന് ഈ വലിയ ദോഷമൊക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു. യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവർക്കു കണക്കിടേണമേ. ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തനു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇത് എനിക്കു നന്മയ്ക്കായിട്ട് ഓർക്കേണമേ.
നെഹെമ്യാവ് 13:10-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലേവ്യർക്കുള്ള ഓഹരി കൊടുക്കാതിരുന്നതിനാൽ ഗായകരും മറ്റു ലേവ്യരും അവരവരുടെ വയലുകളിലേക്കു പോയ വിവരം ഞാൻ അറിഞ്ഞു. ഞാൻ ജനപ്രമാണികളെ ശാസിച്ചു. ലേവ്യരും മറ്റും ദേവാലയം ഉപേക്ഷിച്ചു പോയതെന്തെന്നു ഞാൻ അവരോടു ചോദിച്ചു. ഞാൻ ഗായകരെയും മറ്റു ലേവ്യരെയും മടക്കിവരുത്തി അവരെ യഥാസ്ഥാനങ്ങളിൽ നിയോഗിച്ചു. അപ്പോൾ സകല യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. ഭണ്ഡാരഗൃഹങ്ങളുടെ സൂക്ഷിപ്പുകാരായി ശേലെമ്യാപുരോഹിതനെയും വേദപണ്ഡിതനായ സാദോക്കിനെയും ലേവ്യനായ പെദായായെയും അവരുടെ സഹായി ആയി മത്ഥന്യായുടെ പൗത്രനും സക്കൂരിന്റെ പുത്രനുമായ ഹാനാനെയും നിയമിച്ചു. അവർ വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരർക്കു വിഹിതം പങ്കിട്ടുകൊടുക്കുക എന്നതായിരുന്നു അവരുടെ ജോലി. എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി ഞാൻ ചെയ്ത സൽപ്രവൃത്തികൾ മറക്കരുതേ! അവയെല്ലാം എന്റെ ദൈവമേ, ഓർക്കണമേ. അക്കാലത്ത് യെഹൂദ്യരിൽ ചിലർ ശബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റകൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടു കയറ്റുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ ചുമടുകളായി ശബത്തിൽ യെരൂശലേമിലേക്കു വില്‌ക്കാൻ കൊണ്ടുവരുന്നതും ഞാൻ കണ്ടു. ശബത്തിൽ ഒന്നും വില്‌ക്കരുത് എന്ന് ഞാൻ അവർക്കു മുന്നറിയിപ്പു നല്‌കി. അവിടെ പാർത്തിരുന്ന സോർ ദേശക്കാർ മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബത്തിൽ യെഹൂദ്യർക്കും യെരൂശലേംനിവാസികൾക്കും വിറ്റുപോന്നു. അതുകൊണ്ട് ഞാൻ യെഹൂദാപ്രഭുക്കന്മാരെ ശാസിച്ചു: “നിങ്ങൾ ഈ തിന്മ പ്രവർത്തിക്കുന്നതെന്ത്? ശബത്ത് നിങ്ങൾ അശുദ്ധമാക്കുകയല്ലേ ചെയ്യുന്നത്? നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും അനർഥമെല്ലാം വരുത്തിയത്? ശബത്ത് അശുദ്ധമാക്കുന്നതിലൂടെ ഇസ്രായേലിന്മേലുള്ള ദൈവകോപം നിങ്ങൾ വർധിപ്പിക്കുന്നു.” ശബത്തിനു മുമ്പ് ഇരുട്ടായിത്തുടങ്ങുമ്പോൾ യെരൂശലേമിന്റെ നഗരവാതിലുകൾ അടയ്‍ക്കാനും ശബത്തു കഴിയുന്നതുവരെ തുറക്കാതിരിക്കാനും ഞാൻ ആജ്ഞാപിച്ചു. ശബത്തുനാളിൽ ഒരു ചുമടും പട്ടണത്തിനകത്തു കടത്താതിരിക്കാൻ വാതിലുകൾക്കരികെ എന്റെ ദാസന്മാരിൽ ചിലരെ കാവൽ നിർത്തി. അതുകൊണ്ടു കച്ചവടക്കാർക്ക് ഒന്നുരണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാർക്കേണ്ടിവന്നു. പിന്നീട് ഞാൻ അവർക്ക് താക്കീതു നല്‌കി: “നിങ്ങൾ മതിലിനരികെ പാർക്കുന്നതെന്ത്? നിങ്ങൾ ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതൽ അവർ ശബത്തിൽ വരാതെയായി. ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻവേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകൾക്കു കാവൽ നില്‌ക്കാൻ ഞാൻ ലേവ്യരോടു കല്പിച്ചു. എന്റെ ദൈവമേ, എന്റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓർക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ. അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാൻ കണ്ടു. അവരുടെ സന്താനങ്ങളിൽ പകുതി പേർ അസ്തോദ്യഭാഷ സംസാരിച്ചിരുന്നു. വിജാതീയരുടെ ഭാഷയല്ലാതെ യെഹൂദഭാഷ സംസാരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അവരെ ഞാൻ ശാസിക്കുകയും ശപിക്കുകയും ചെയ്തു; ചിലരെ അടിച്ചു; അവരുടെ തലമുടി വലിച്ചു പറിച്ചു; “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങൾക്കോ നിങ്ങളുടെ പുത്രന്മാർക്കോവേണ്ടി സ്വീകരിക്കുകയോ ഇല്ല എന്ന് അവരെക്കൊണ്ട് ദൈവനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യിച്ചു. ഇസ്രായേൽരാജാവായ ശലോമോൻ ഇത്തരം സ്‍ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ പാപം ചെയ്യാൻ ഇടയായത്? അദ്ദേഹത്തെപ്പോലെ ഒരു രാജാവ് ഒരു ജനതയുടെയും ഇടയിൽ ഉണ്ടായിരുന്നില്ല. ശലോമോൻ തന്റെ ദൈവത്തിനു പ്രിയങ്കരനായിരുന്നു; അതിനാൽ ദൈവം അദ്ദേഹത്തെ സമസ്ത ഇസ്രായേലിന്റെയും രാജാവാക്കി. എങ്കിലും വിജാതീയ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടു പാപം ചെയ്യിച്ചു. ഞങ്ങളും നിങ്ങളെപ്പോലെ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്തു തിന്മ പ്രവർത്തിക്കണമോ? അങ്ങനെ നമ്മുടെ ദൈവത്തോടു വഞ്ചന കാട്ടണമോ? “മഹാപുരോഹിതനായ എല്യാശീബിന്റെ പുത്രൻ യെഹോയാദയുടെ പുത്രന്മാരിൽ ഒരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. “എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യനിയമത്തെയും ലേവ്യരെയും മലിനപ്പെടുത്തിയിരിക്കുന്നു. അതിനു തക്ക പ്രതിഫലം അവർക്കു നല്‌കണമേ.” ഇങ്ങനെ വിജാതീയമായ എല്ലാറ്റിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ചു; പുരോഹിതന്മാരുടെയും ലേവ്യരുടെയും ചുമതലകൾക്ക് ഞാൻ വ്യവസ്ഥ ഉണ്ടാക്കി. നിശ്ചിത സമയങ്ങളിൽ വിറകും ആദ്യഫലങ്ങളും സമർപ്പിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. എന്റെ ദൈവമേ എന്റെ നന്മയ്‍ക്കായി ഇവയെല്ലാം ഓർക്കണമേ.
നെഹെമ്യാവ് 13:10-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ലേവ്യർക്കുള്ള ഉപജീവനം കൊടുക്കായ്കയാൽ വേലചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ അവരവരുടെ നിലത്തിലേക്ക് പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു പ്രമാണികളെ ശാസിച്ചു: “ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത്?” എന്നു ചോദിച്ച് അവരെ കൂട്ടിവരുത്തി അവരുടെ സ്ഥാനത്ത് നിർത്തി. പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേയ്ക്ക് കൊണ്ടുവന്നു. ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്ക് സഹായിയായിട്ട് മത്ഥന്യാവിന്‍റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും വിശ്വസ്തരെന്ന് എണ്ണി, ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി അവരെ നിയമിച്ചു; തങ്ങളുടെ സഹോദരന്മാർക്ക് പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ചുമതല. ‘എന്റെ ദൈവമേ, ഇത് എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.’ ആ കാലത്ത് യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്ക് ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്ത് ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവ യെരൂശലേമിലേക്ക് കൊണ്ടുവരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി. സോര്യരും അവിടെ പാർത്ത് മത്സ്യവും വിവിധസാധനങ്ങളും കൊണ്ടുവന്ന് ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. അതുകൊണ്ട് ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; “നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്? നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു” എന്നു അവരോട് പറഞ്ഞു. പിന്നെ ശബ്ബത്തിന് മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ട് പരക്കുമ്പോൾ വാതിലുകൾ അടയ്ക്കുവാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിക്കുവാനും ഞാൻ കല്പിച്ചു. ശബ്ബത്തുനാളിൽ ഒരു ചുമടും അകത്ത് കടത്താതിരിക്കേണ്ടതിന് വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി. അതുകൊണ്ട് കച്ചവടക്കാരും വിവിധ സാധനങ്ങൾ വില്‍ക്കുന്നവരും ഒന്നുരണ്ട് തവണ യെരൂശലേമിന് പുറത്തു രാപാർത്തു. ആകയാൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി: “നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും ഇത് ആവർത്തിച്ചാൽ ഞാൻ നിങ്ങളെ പിടിക്കും” എന്നു അവരോട് പറഞ്ഞു. ആ കാലം മുതൽ അവർ ശബ്ബത്തിൽ വരാതെയായി. ലേവ്യരോട് ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്ന് വാതിലുകളെ കാക്കുകയും ചെയ്യുവാൻ കല്പിച്ചു. ‘എന്റെ ദൈവമേ, ഈ കാര്യത്തിലും എന്നെ ഓർത്തു അങ്ങേയുടെ മഹാദയപ്രകാരം എന്നോട് കനിവ് തോന്നേണമേ.’ ആ കാലത്ത് അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു. അവരുടെ മക്കളിൽ പകുതിപ്പേർ അസ്തോദ്യഭാഷ സംസാരിച്ചു. അവർ അതത് ജാതിയുടെ ഭാഷയല്ലാതെ, യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞിരുന്നില്ല. അവരെ ഞാൻ ശാസിച്ച് ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു. “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുത്” എന്നു ആജ്ഞാപിച്ച് അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യംചെയ്യിച്ചു. യിസ്രായേൽ രാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജനതകളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്‍റെ ദൈവത്തിന് പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ച് പാപം ചെയ്യിച്ചുവല്ലോ. നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോട് അതിക്രമം കാട്ടി, ഈ വലിയ ദോഷം ഒക്കെയും ചെയ്യുവാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു. യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. ‘എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവർക്ക് കണക്കിടേണമേ.’ ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന് അവരവരുടെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്ക് വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. ‘എന്റെ ദൈവമേ, ഇത് എനിക്ക് നന്മയ്ക്കായിട്ട് ഓർക്കേണമേ.’
നെഹെമ്യാവ് 13:10-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിർത്തി. പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു. ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം. എന്റെ ദൈവമേ, ഇതു എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ. ആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടുവരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു. സോര്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു? നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു. പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി. അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു. ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു. ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവുതോന്നേണമേ. ആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു. അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. അവരെ ഞാൻ ശാസിച്ചു ശപിച്ചു അവരിൽ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു. യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ. നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‌വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു. യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു. എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ. ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
നെഹെമ്യാവ് 13:10-31 സമകാലിക മലയാളവിവർത്തനം (MCV)
ലേവ്യർക്കു കൊടുക്കാനുള്ള വിഹിതം അവർക്കു നൽകപ്പെട്ടില്ലെന്നും ശുശ്രൂഷയ്ക്കു നിയുക്തരായ ലേവ്യരും സംഗീതജ്ഞരും തങ്ങളുടെ വയലുകളിലേക്കു മടങ്ങിപ്പോയി എന്നും ഞാൻ അറിഞ്ഞു. അതിനാൽ ഞാൻ പ്രമാണികളെ ശാസിച്ച്, “ദൈവാലയം അവഗണിക്കപ്പെട്ടത് എന്തുകൊണ്ട്?” എന്ന് അവരോടു ചോദിച്ചു. തുടർന്ന് അവരെ ഒരുമിച്ചുകൂട്ടി അവരുടെ സ്ഥാനങ്ങളിൽ അവരെ നിയമിച്ചു. യെഹൂദന്മാരെല്ലാവരും ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശം സംഭരണശാലകളിലേക്കു കൊണ്ടുവന്നു. പുരോഹിതനായ ശെലെമ്യാ, വേദജ്ഞനായ സാദോക്ക്, ലേവ്യനായ പെദായാവ്, എന്നിവരെ സംഭരണശാലകൾക്കു ചുമതലക്കാരാക്കി; മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെ അവർക്കു സഹായിയായും നൽകി. ഇവരെ വിശ്വസ്തരായി എണ്ണിയിരുന്നു. തങ്ങളുടെ സഹോദരങ്ങളായ ലേവ്യർക്കു വിഭവങ്ങൾ പങ്കിടുകയായിരുന്നു അവരുടെ ചുമതല. എന്റെ ദൈവമേ, ഇവനിമിത്തം എന്നെ ഓർക്കണേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി വിശ്വസ്തതയോടെ ഞാൻ പ്രവർത്തിച്ചതു മായിച്ചുകളയരുതേ! ആ കാലത്തു ചില യെഹൂദർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും ധാന്യം ശേഖരിക്കുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവയോടൊപ്പം കഴുതപ്പുറത്തു കയറ്റുന്നതും ഞാൻ കണ്ടു. ശബ്ബത്തിൽ ഇതെല്ലാം ജെറുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അതുകൊണ്ട്, ആ ദിവസം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതിനെതിരേ ഞാൻ അവർക്കു മുന്നറിയിപ്പു നൽകി. ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു. യെഹൂദ്യയിലെ പ്രഭുക്കന്മാരെ ഞാൻ ശാസിച്ച് ഇപ്രകാരം പറഞ്ഞു: “ശബ്ബത്തിനെ അശുദ്ധമാക്കുന്ന ഈ ദുഷ്കർമം നിങ്ങൾ ചെയ്യുന്നതെന്ത്? നമ്മുടെ പിതാക്കന്മാർ ഇതേ കാര്യംതന്നെ ചെയ്തതിനല്ലേ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ ദുരന്തമെല്ലാം വരുത്തിയത്? ഇപ്പോൾ ശബ്ബത്തിനെ അശുദ്ധമാക്കുകവഴി നിങ്ങൾ ഇസ്രായേലിനെതിരേ ക്രോധം വർധിപ്പിക്കുന്നു.” ശബ്ബത്തിനുമുമ്പ് ജെറുശലേം നഗരകവാടങ്ങളിൽ ഇരുട്ടുപരക്കുമ്പോൾ വാതിലുകൾ അടയ്ക്കാനും, ശബ്ബത്തുകഴിയുന്നതുവരെ അവ തുറക്കാതിരിക്കാനും ഞാൻ നിർദേശം കൊടുത്തു. ശബ്ബത്തുദിവസം ഒരു ചുമടും വരാതിരിക്കേണ്ടതിന് എന്റെ ആൾക്കാരിൽ ചിലരെ ഞാൻ വാതിലുകളിൽ നിയമിച്ചു. കച്ചവടക്കാരും വിവിധ സാധനങ്ങൾ വിൽക്കുന്നവരും ഒന്നുരണ്ടുതവണ ജെറുശലേമിനുപുറത്ത് രാത്രി ചെലവിട്ടു. “നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി. തുടർന്ന്, ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ശബ്ബത്തുദിവസം വിശുദ്ധമായി പാലിക്കപ്പെടേണ്ടതിന്, കവാടങ്ങൾക്കു കാവൽ നിൽക്കാൻ ഞാൻ കൽപ്പിച്ചു. എന്റെ ദൈവമേ, ഈ കാര്യത്തിനുവേണ്ടിയും എന്നെ ഓർത്ത്, അവിടത്തെ മഹാസ്നേഹംനിമിത്തം എന്നോടു കരുണ കാണിക്കണമേ! തന്നെയുമല്ല, ആ കാലങ്ങളിൽ അശ്ദോദ്, അമ്മോൻ, മോവാബ് എന്നിവിടങ്ങളിലെ സ്ത്രീകളെ വിവാഹംകഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു. അവരുടെ മക്കളിൽ പകുതിപ്പേർ അശ്ദോദിലെ ഭാഷയോ, അത്തരത്തിലുള്ള മറ്റു ഭാഷകളോ സംസാരിച്ചു; യെഹൂദരുടെ ഭാഷ സംസാരിക്കാൻ അവർക്ക് അറിയില്ലായിരുന്നു. ഞാൻ അവരെ ശാസിച്ച് അവരുടെമേൽ ശാപം ചൊരിഞ്ഞു; ചില പുരുഷന്മാരെ അടിച്ച് അവരുടെ തലമുടി പറിച്ചെടുത്തു. ഞാൻ അവരെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹംചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു വിവാഹത്തിനെടുക്കുകയോ ചെയ്യരുത്. ഇത്തരം വിവാഹംമൂലമല്ലേ ഇസ്രായേൽരാജാവായ ശലോമോൻ പാപം ചെയ്തത്? അനവധി രാഷ്ട്രങ്ങൾക്കിടയിൽ അദ്ദേഹത്തെപ്പോലെ ഒരു രാജാവുണ്ടോ? ദൈവത്താൽ സ്നേഹിക്കപ്പെട്ട അദ്ദേഹത്തെ ദൈവം ഇസ്രായേൽ മുഴുവന്റെയും രാജാവാക്കി; എന്നാൽ യെഹൂദേതരരായ സ്ത്രീകൾ അദ്ദേഹത്തെ പാപത്തിൽ വീഴ്ത്തി. നിങ്ങളും ഇത്തരം മഹാദോഷമെല്ലാം പ്രവർത്തിച്ച് യെഹൂദേതരരായ സ്ത്രീകളെ വിവാഹംകഴിക്കുകവഴി നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുമോ?” യോയാദായുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു. അതിനാൽ ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു. എന്റെ ദൈവമേ, പൗരോഹിത്യസ്ഥാനത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും ഉടമ്പടിയെയും അവർ അശുദ്ധമാക്കിയതിനാൽ അത് അവരുടെനേരേ കണക്കിടണമേ! അതുകൊണ്ട് ഞാൻ പുരോഹിതന്മാരെയും ലേവ്യരെയും വൈദേശികമായ എല്ലാറ്റിൽനിന്നും ശുദ്ധീകരിച്ച് ഓരോരുത്തർക്കും അവരവരുടെ ജോലികളിൽ ചുമതല നൽകി. അതതു സമയങ്ങളിൽ വിറകു വഴിപാടുകളും ആദ്യഫലവും നൽകേണ്ടതിനു ഞാൻ ക്രമീകരണംചെയ്തു.