മത്തായി 27:15-26

മത്തായി 27:15-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു. അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു. അവർ കൂടി വന്നപ്പോൾ പീലാത്തൊസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. അവർ അസൂയ കൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്ന് അവൻ ഗ്രഹിച്ചിരുന്നു. അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവർ പറഞ്ഞു. പീലാത്തൊസ് അവരോട്: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്ന് എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്ത് എന്ന് അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്ന് അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾതന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.

മത്തായി 27:15-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്‍ക്കുക പതിവായിരുന്നു. അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു: ‘ഞാൻ നിങ്ങൾക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?” അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ അടുക്കൽ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു. പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ഒരു സന്ദേശം കൊടുത്തയച്ചു. അതിൽ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാൻ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.” ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു. “ഈ രണ്ടുപേരിൽ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ഗവർണർ ചോദിച്ചപ്പോൾ: “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. “അപ്പോൾ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവർ എല്ലാവരും ചേർന്നു വിളിച്ചുപറഞ്ഞു. “അയാൾ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു. എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോൾ പീലാത്തോസ് ജനസഞ്ചയത്തിന്റെ മുമ്പിൽവച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്റെ രക്തം ചൊരിയുന്നതിൽ ഞാൻ നിരപരാധനാണ്; നിങ്ങൾ തന്നെ അതിനുത്തരവാദികൾ” എന്നു പറഞ്ഞു. “ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു. അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു.

മത്തായി 27:15-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ഉത്സവസമയത്ത് പുരുഷാരം തിരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു. അന്നു ബറബ്ബാസ് എന്ന കുപ്രസിദ്ധനായൊരു തടവുകാരൻ ഉണ്ടായിരുന്നു. അവർ ഒരുമിച്ചു കൂടിവന്നപ്പോൾ പീലാത്തോസ് അവരോട്: “ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്ക് വിട്ടുതരേണം?“ എന്നു ചോദിച്ചു. അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്നു അവൻ ഗ്രഹിച്ചിരുന്നു. അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്‍റെ ഭാര്യ ആളയച്ച്: ആ നീതിമാന്‍റെ കാര്യത്തിൽ ഇടപെടരുത്; അവൻ നിമിത്തം ഞാൻ ഇന്ന് സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ വശീകരിച്ചു. നാടുവാഴി അവരോട്: “ഈ ഇരുവരിൽ ആരെ വിട്ടുതരണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു?“ എന്നു ചോദിച്ചതിന് “ബറബ്ബാസിനെ“ എന്നു അവർ പറഞ്ഞു. പീലാത്തോസ് അവരോട്: “എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്ത് ചെയ്യേണ്ടു?“ എന്നു ചോദിച്ചതിന്: “അവനെ ക്രൂശിക്കേണം“ എന്നു എല്ലാവരും പറഞ്ഞു. “അവൻ ചെയ്ത അതിക്രമം എന്ത്?“ എന്നു അവൻ ചോദിച്ചു. “അവനെ ക്രൂശിക്കേണം“ എന്നു അവർ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു. ലഹള അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തോസ് കണ്ടിട്ട് വെള്ളം എടുത്തു പുരുഷാരത്തിന് മുൻപാകെ കൈ കഴുകി: “ഈ കളങ്കമില്ലാത്തവൻ്റെ രക്തത്തിൽ ഞാൻ കളങ്കരഹിതൻ; നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ“ എന്നു പറഞ്ഞു. “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ“ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.

മത്തായി 27:15-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു. അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു. അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു. അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു. പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

മത്തായി 27:15-26 സമകാലിക മലയാളവിവർത്തനം (MCV)

പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു. ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു. ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു. അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.” എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു. “ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു. “അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു. “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി. “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.