മത്തായി 27:15-26

മത്തായി 27:15-26 MCV

പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു. ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു. ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു. അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.” എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു. “ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു. “അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു. “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി. “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.