ലൂക്കൊസ് 16:1-9
ലൂക്കൊസ് 16:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. അവൻ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേൾക്കുന്നത് എന്ത്? നിന്റെ കാര്യവിചാരത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടൂ? യജമാനൻ കാര്യവിചാരത്തിൽനിന്ന് എന്നെ നീക്കുവാൻ പോകുന്നു; കിളപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു. എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടത് എന്ത് എന്ന് എനിക്ക് അറിയാം എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോട്: നീ യജമാനന് എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു കുടം എണ്ണ എന്ന് അവൻ പറഞ്ഞു. അവൻ അവനോട്: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു. അതിന്റെ ശേഷം മറ്റൊരുത്തനോട്: നീ എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പ് എന്ന് അവൻ പറഞ്ഞു; അവനോട്: നിന്റെ കൈച്ചീട്ടു വാങ്ങി എൺപത് എന്ന് എഴുതുക എന്നു പറഞ്ഞു. ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. അനീതിയുള്ള മാമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അത് ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.
ലൂക്കൊസ് 16:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്റെ യജമാനന്റെ വസ്തുവകകൾ ദുർവ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരിൽ ആരോപണം ഉണ്ടായി. ആ ധനികൻ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേൾക്കുന്നത് എന്ത്? എന്റെ വസ്തുവകകൾ കൈകാര്യം ചെയ്തതിന്റെ കണക്കു കൊണ്ടുവരിക; ഇനിമേൽ താൻ എന്റെ കാര്യസ്ഥനായിരിക്കുവാൻ പാടില്ല,’ അപ്പോൾ അയാൾ ആത്മഗതം ചെയ്തു: ‘യജമാനൻ എന്നെ ജോലിയിൽനിന്നു പിരിച്ചുവിടാൻ പോകുന്നു. ഞാൻ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാൻ എനിക്കു വശമില്ല; ഇരക്കുവാൻ ഞാൻ നാണിക്കുന്നു. യജമാനൻ എന്നെ ജോലിയിൽനിന്നു നീക്കുമ്പോൾ മറ്റുള്ളവർ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ “അയാൾ യജമാനന്റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാൾ ചോദിച്ചു: ‘നീ എന്റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’ ‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരൻ പറഞ്ഞു. അപ്പോൾ കാര്യസ്ഥൻ, നിന്റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു. പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാൾ മറുപടി പറഞ്ഞു. കാര്യസ്ഥൻ ഉടനെ അയാളോട് ‘നിന്റെ പറ്റുചീട്ടെടുത്ത് എൺപത് എന്നാക്കുക’ എന്നു പറഞ്ഞു. “അവിശ്വസ്തനായ ഈ കാര്യസ്ഥൻ തന്റെ പ്രവൃത്തിയിൽ പ്രദർശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനൻ ശ്ലാഘിച്ചു. ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ, വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിയുള്ളവരാണല്ലോ. “ഞാൻ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങൾ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാൽ ലൗകികധനം നിങ്ങൾക്കില്ലാതെ വരുമ്പോൾ നിത്യഭവനങ്ങളിൽ നിങ്ങൾ സ്വീകരിക്കപ്പെടും.
ലൂക്കൊസ് 16:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്‍റെ കാര്യവിചാരകത്തിൻ്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്‍റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു. അത് കേട്ടപ്പോൾ കാര്യവിചാരകൻ: ഞാൻ എന്ത് ചെയ്യും? യജമാനൻ എന്‍റെ ജോലിയിൽ നിന്നും എന്നെ നീക്കുവാൻ പോകുന്നു; കിളയ്ക്കുവാൻ ഉള്ള ശക്തി എനിക്കില്ല; മറ്റുള്ളവരോടു യാചിക്കുവാൻ ഞാൻ നാണിക്കുന്നു. എന്നെ കാര്യവിചാരത്തിൽനിന്ന് നീക്കിയാൽ, ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കേണം. അതിനുവേണ്ടി എന്ത് ചെയ്യേണം എന്നു എനിക്ക് അറിയാം എന്നു ഉള്ളുകൊണ്ട് പറഞ്ഞു. പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തരെ വരുത്തി. ഒന്നാമത്തെ ആളിനോട് നീ യജമാനനോട് കടം വാങ്ങിയിട്ടുള്ളത് എന്താണ്? എന്നു ചോദിച്ചു. നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. കാര്യവിചാരകൻ അവനോട്: നിന്‍റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്നു എഴുതുക എന്നു പറഞ്ഞു. അതിന്‍റെശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു. നൂറു പറ ഗോതമ്പു എന്നു അവൻ പറഞ്ഞു; അവനോട്: നിന്‍റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു. ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിൻ്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ് അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
ലൂക്കൊസ് 16:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാര്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു. എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു. പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു. അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു. ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.
ലൂക്കൊസ് 16:1-9 സമകാലിക മലയാളവിവർത്തനം (MCV)
യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി. ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു. “അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു. അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’ “പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു. “ ‘3,000 ലിറ്റർ ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു. “രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു. “ ‘മുപ്പതു ടൺ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു. “ ‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു. “ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും.