LUKA 16:1-9

LUKA 16:1-9 MALCLBSI

യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്റെ യജമാനന്റെ വസ്തുവകകൾ ദുർവ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരിൽ ആരോപണം ഉണ്ടായി. ആ ധനികൻ അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേൾക്കുന്നത് എന്ത്? എന്റെ വസ്തുവകകൾ കൈകാര്യം ചെയ്തതിന്റെ കണക്കു കൊണ്ടുവരിക; ഇനിമേൽ താൻ എന്റെ കാര്യസ്ഥനായിരിക്കുവാൻ പാടില്ല,’ അപ്പോൾ അയാൾ ആത്മഗതം ചെയ്തു: ‘യജമാനൻ എന്നെ ജോലിയിൽനിന്നു പിരിച്ചുവിടാൻ പോകുന്നു. ഞാൻ ഇനി എന്തുചെയ്യും? കിളയ്‍ക്കുവാൻ എനിക്കു വശമില്ല; ഇരക്കുവാൻ ഞാൻ നാണിക്കുന്നു. യജമാനൻ എന്നെ ജോലിയിൽനിന്നു നീക്കുമ്പോൾ മറ്റുള്ളവർ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ “അയാൾ യജമാനന്റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാൾ ചോദിച്ചു: ‘നീ എന്റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’ ‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരൻ പറഞ്ഞു. അപ്പോൾ കാര്യസ്ഥൻ, നിന്റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു. പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാൾ മറുപടി പറഞ്ഞു. കാര്യസ്ഥൻ ഉടനെ അയാളോട് ‘നിന്റെ പറ്റുചീട്ടെടുത്ത് എൺപത് എന്നാക്കുക’ എന്നു പറഞ്ഞു. “അവിശ്വസ്തനായ ഈ കാര്യസ്ഥൻ തന്റെ പ്രവൃത്തിയിൽ പ്രദർശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനൻ ശ്ലാഘിച്ചു. ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ, വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിയുള്ളവരാണല്ലോ. “ഞാൻ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങൾ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാൽ ലൗകികധനം നിങ്ങൾക്കില്ലാതെ വരുമ്പോൾ നിത്യഭവനങ്ങളിൽ നിങ്ങൾ സ്വീകരിക്കപ്പെടും.

LUKA 16 വായിക്കുക