ലേവ്യാപുസ്തകം 9:7-24
ലേവ്യാപുസ്തകം 9:7-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹരോനോട് മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു. അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്ന്; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്ന് അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ ദഹിപ്പിച്ചു. അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു. അവൻ ഹോമയാഗം കൊണ്ടുവന്ന് അതും നിയമപ്രകാരം അർപ്പിച്ചു. അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽനിന്നു കൈ നിറച്ച് എടുത്തു കാലത്തെ ഹോമയാഗത്തിനു പുറമേ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു. അവർ മേദസ്സ് നെഞ്ചുകണ്ടങ്ങളുടെമേൽ വച്ചു; അവൻ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു. പിന്നെ അഹരോൻ ജനത്തിനു നേരേ കൈ ഉയർത്തി അവരെ ആശീർവദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു. മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
ലേവ്യാപുസ്തകം 9:7-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്റെ അടുത്തു വന്നു നിന്റെ പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും നിന്റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അർപ്പിച്ച് അവർക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”. അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ വന്നു തന്റെ പാപപരിഹാരയാഗത്തിനുള്ള കാളക്കിടാവിനെ കൊന്നു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുകയും രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്തു. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്റെ നെയ്‍വലയും യാഗപീഠത്തിൽ ദഹിപ്പിച്ചു. മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു. ഹോമയാഗത്തിനുള്ള മൃഗത്തെയും അദ്ദേഹം കൊന്നു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അദ്ദേഹത്തെ ഏല്പിച്ചു. അഹരോൻ അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. ഹോമയാഗമൃഗത്തിന്റെ മാംസം കഷണങ്ങളാക്കിയതും തലയും അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ യാഗപീഠത്തിൽ ദഹിപ്പിച്ചു. കുടലും കാലും കഴുകി യാഗപീഠത്തിൽവച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. പിന്നീട് അദ്ദേഹം ജനങ്ങളുടെ വഴിപാടു തിരുസന്നിധിയിൽ കൊണ്ടുവന്നു. ജനങ്ങളുടെ പാപപരിഹാരത്തിനു വേണ്ടിയുള്ള കോലാടിനെ ആദ്യം ചെയ്ത പാപപരിഹാരയാഗംപോലെ അർപ്പിച്ചു പ്രായശ്ചിത്തം അനുഷ്ഠിച്ചു. പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അർപ്പിച്ചു. അതിനുശേഷം ധാന്യയാഗം അർപ്പിച്ചു. അതിൽനിന്ന് ഒരു പിടി എടുത്തു പ്രഭാതത്തിൽ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തിൽ ദഹിപ്പിച്ചു. തുടർന്ന് അദ്ദേഹം ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ആൺചെമ്മരിയാടിനെയും കൊന്നു. അവരുടെ രക്തം അഹരോന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുവന്നു. അദ്ദേഹം അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. കാളയുടെയും ആടിന്റെയും മേദസ്സ്, തടിച്ച വാല്, കുടലിനെയും വൃക്കകളെയും പൊതിഞ്ഞ മേദസ്സ്, കരളിന്റെ നെയ്‍വല മുതലായവ അവർ കൊണ്ടുവന്നു. മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതെ വച്ചു. അഹരോൻ അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. നെഞ്ചും വലത്തെ തുടയും മോശയുടെ കല്പനപോലെ അഹരോൻ സർവേശ്വരനു നീരാജനമായി അർപ്പിച്ചു. അഹരോൻ ജനത്തിന്റെ നേരേ കൈകൾ ഉയർത്തി അവരെ ആശീർവദിച്ചു. പാപപരിഹാരയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചശേഷം അദ്ദേഹം ഇറങ്ങിവന്നു. പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചു. പിന്നെ അവർ പുറത്തുവന്നു ജനത്തെ ആശീർവദിച്ചു. അപ്പോൾ സർവേശ്വരന്റെ തേജസ്സ് എല്ലാവർക്കും പ്രത്യക്ഷമായി. അവിടുത്തെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തിൽ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആർത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു.
ലേവ്യാപുസ്തകം 9:7-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക“ എന്നു പറഞ്ഞു. അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു. അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു. അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു. അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു. അവർ മേദസ്സു നെഞ്ചിൻ്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. എന്നാൽ നെഞ്ചിൻ്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു. പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു. മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ട് പുറത്തു വന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
ലേവ്യാപുസ്തകം 9:7-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അർപ്പിച്ചു അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു. അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നേ. അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു. അവൻ ജനത്തിന്റെ വഴിപാടു കൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു. അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു. അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു. അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു. പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു. മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
ലേവ്യാപുസ്തകം 9:7-24 സമകാലിക മലയാളവിവർത്തനം (MCV)
മോശ അഹരോനോടു പറഞ്ഞു: “യഹോവ കൽപ്പിച്ചതുപോലെ യാഗപീഠത്തിലേക്കു വന്നു നിങ്ങൾ പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക; ജനത്തിനുവേണ്ടിയുള്ള വഴിപാടും യാഗവും കഴിച്ചു ജനത്തിന്നു പ്രായശ്ചിത്തം ചെയ്യുക.” അങ്ങനെ അഹരോൻ യാഗപീഠത്തിലേക്കു വന്നു കാളക്കിടാവിനെ തനിക്കുവേണ്ടി പാപശുദ്ധീകരണയാഗമായി അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം തന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അദ്ദേഹം പാപശുദ്ധീകരണയാഗത്തിൽനിന്ന് മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു. പിന്നെ അഹരോൻ ഹോമയാഗമൃഗത്തെ അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയും അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കുകയും ചെയ്തു. അവർ ഹോമയാഗമൃഗത്തെ തലയുൾപ്പെടെ കഷണംകഷണമായി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു. അഹരോൻ പിന്നീടു ജനത്തിനുവേണ്ടിയുള്ള വഴിപാടുകൊണ്ടുവന്നു. അദ്ദേഹം ജനത്തിന്റെ പാപശുദ്ധീകരണയാഗത്തിനുള്ള കോലാടിനെ എടുത്ത് അതിനെ അറത്ത് ആദ്യത്തേതിനെ ചെയ്തതുപോലെ പാപശുദ്ധീകരണയാഗമായി അർപ്പിച്ചു. അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു. അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു. അദ്ദേഹം കാളയെയും ആട്ടുകൊറ്റനെയും ജനത്തിനുവേണ്ടിയുള്ള സമാധാനയാഗമായി അറത്തു. അഹരോന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. എന്നാൽ അവർ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സ്, തടിച്ചവാൽ, ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ് എന്നിവ നെഞ്ചിന്മേൽവെച്ചു. എന്നിട്ട് അഹരോൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിച്ചു. മോശ കൽപ്പിച്ചതുപോലെ അഹരോൻ നെഞ്ചും വലതുതുടയും യഹോവയുടെമുമ്പാകെ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു. പിന്നെ അഹരോൻ കൈകൾ ഉയർത്തി ജനത്തിനുനേരേ അവരെ അനുഗ്രഹിച്ചു. പാപശുദ്ധീകരണയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അദ്ദേഹം താഴേക്കിറങ്ങി. മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു ഹോമയാഗമൃഗത്തെയും യാഗപീഠത്തിന്മേലിരുന്ന മേദസ്സിനെയും ദഹിപ്പിച്ചു. അതുകണ്ടപ്പോൾ ജനമെല്ലാം ആനന്ദത്താൽ ആർത്തു സാഷ്ടാംഗം വീണു.