പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്റെ അടുത്തു വന്നു നിന്റെ പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും നിന്റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അർപ്പിച്ച് അവർക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”. അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ വന്നു തന്റെ പാപപരിഹാരയാഗത്തിനുള്ള കാളക്കിടാവിനെ കൊന്നു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുകയും രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്തു. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്റെ നെയ്‍വലയും യാഗപീഠത്തിൽ ദഹിപ്പിച്ചു. മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു. ഹോമയാഗത്തിനുള്ള മൃഗത്തെയും അദ്ദേഹം കൊന്നു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അദ്ദേഹത്തെ ഏല്പിച്ചു. അഹരോൻ അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. ഹോമയാഗമൃഗത്തിന്റെ മാംസം കഷണങ്ങളാക്കിയതും തലയും അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ യാഗപീഠത്തിൽ ദഹിപ്പിച്ചു. കുടലും കാലും കഴുകി യാഗപീഠത്തിൽവച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. പിന്നീട് അദ്ദേഹം ജനങ്ങളുടെ വഴിപാടു തിരുസന്നിധിയിൽ കൊണ്ടുവന്നു. ജനങ്ങളുടെ പാപപരിഹാരത്തിനു വേണ്ടിയുള്ള കോലാടിനെ ആദ്യം ചെയ്ത പാപപരിഹാരയാഗംപോലെ അർപ്പിച്ചു പ്രായശ്ചിത്തം അനുഷ്ഠിച്ചു. പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അർപ്പിച്ചു. അതിനുശേഷം ധാന്യയാഗം അർപ്പിച്ചു. അതിൽനിന്ന് ഒരു പിടി എടുത്തു പ്രഭാതത്തിൽ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തിൽ ദഹിപ്പിച്ചു. തുടർന്ന് അദ്ദേഹം ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ആൺചെമ്മരിയാടിനെയും കൊന്നു. അവരുടെ രക്തം അഹരോന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുവന്നു. അദ്ദേഹം അതു യാഗപീഠത്തിനു ചുറ്റും തളിച്ചു. കാളയുടെയും ആടിന്റെയും മേദസ്സ്, തടിച്ച വാല്, കുടലിനെയും വൃക്കകളെയും പൊതിഞ്ഞ മേദസ്സ്, കരളിന്റെ നെയ്‍വല മുതലായവ അവർ കൊണ്ടുവന്നു. മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതെ വച്ചു. അഹരോൻ അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. നെഞ്ചും വലത്തെ തുടയും മോശയുടെ കല്പനപോലെ അഹരോൻ സർവേശ്വരനു നീരാജനമായി അർപ്പിച്ചു. അഹരോൻ ജനത്തിന്റെ നേരേ കൈകൾ ഉയർത്തി അവരെ ആശീർവദിച്ചു. പാപപരിഹാരയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചശേഷം അദ്ദേഹം ഇറങ്ങിവന്നു. പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചു. പിന്നെ അവർ പുറത്തുവന്നു ജനത്തെ ആശീർവദിച്ചു. അപ്പോൾ സർവേശ്വരന്റെ തേജസ്സ് എല്ലാവർക്കും പ്രത്യക്ഷമായി. അവിടുത്തെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തിൽ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആർത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു.
LEVITICUS 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 9:7-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ