യോശുവ 8:9-17
യോശുവ 8:9-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി. ഹായിരാജാവ് അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവൻ അറിഞ്ഞില്ല. യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്തായി. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
യോശുവ 8:9-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശുവ അവരെ പറഞ്ഞയച്ചു. അവർ പോയി ഹായിക്കു പടിഞ്ഞാറ്, ബേഥേലിനും ഹായിക്കും മധ്യേ പതിയിരുന്നു. യോശുവ ആ രാത്രിയിൽ ജനത്തിന്റെ കൂടെ പാർത്തു. യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേൽനേതാക്കന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സൈനികർ നഗരവാതില്‌ക്കൽ എത്തി ഹായിക്കു വടക്കു പാളയമടിച്ചു. അവർ പാളയമടിച്ച സ്ഥലത്തിനും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. യോശുവ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ഹായിക്കും ബേഥേലിനും മധ്യേ പട്ടണത്തിന്റെ പടിഞ്ഞാറു വശത്തു പതിയിരുത്തി. പ്രധാന സൈന്യവ്യൂഹത്തെ പട്ടണത്തിനു വടക്കും ശേഷിച്ച സൈനികരെ പട്ടണത്തിനു പടിഞ്ഞാറുമായി യുദ്ധത്തിന് ഒരുക്കിനിർത്തി. ആ രാത്രിയിൽ യോശുവ താഴ്‌വരയിൽ പാർത്തു. ഹായിയിലെ രാജാവ് അവരെ കണ്ടപ്പോൾ പെട്ടെന്ന് സൈന്യസമേതം ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ അരാബായിലേക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു ശത്രുസൈന്യം പതിയിരിക്കുന്ന വിവരം രാജാവ് അറിഞ്ഞില്ല. യോശുവയും ഇസ്രായേൽജനവും തോറ്റോടുന്നു എന്ന ഭാവേന മരുഭൂമിയിലേക്ക് ഓടി. അവരെ പിന്തുടരാനായി രാജാവ് പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി. അവർ യോശുവയെ പിന്തുടർന്ന് പട്ടണത്തിൽനിന്നു വിദൂരത്തെത്തി. ഇസ്രായേൽജനത്തെ പിന്തുടരാത്തവരായി ഹായിയിലും ബേഥേലിലും ആരും ഉണ്ടായിരുന്നില്ല. നഗരവാതിൽ തുറന്നിട്ടശേഷമായിരുന്നു ഇസ്രായേൽജനത്തെ അവർ പിന്തുടർന്നത്.
യോശുവ 8:9-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ യോശുവ അയച്ച അവർ ചെന്നു ബേഥേലിനും ഹായിക്കും മദ്ധ്യേ ഹായിക്ക് പടിഞ്ഞാറ് പതിയിരുന്നു; യോശുവ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്ത് എഴുന്നേറ്റ് പടയാളികളെ സജ്ജരാക്കി. അവനും യിസ്രായേൽ മൂപ്പന്മാരും ഹായി നിവാസികളെ ആക്രമിക്കാൻ ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികൾ പട്ടണത്തിന് മുമ്പിൽ എത്തി ഹായിക്ക് വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരംപേരെ തെരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മദ്ധ്യേ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് പതിയിരുത്തി. അവർ പട്ടണത്തിന് വടക്ക് പ്രധാന സൈന്യത്തെയും പട്ടണത്തിന് പടിഞ്ഞാറ് പതിയിരിപ്പുകാരെയും നിർത്തി; യോശുവ ആ രാത്രി താഴ്‌വരയിൽ പാർത്തു. ഹായിരാജാവ് അത് കണ്ടപ്പോൾ പടയാളികളുമായി ബദ്ധപ്പെട്ട് സമഭൂമിക്കു മുമ്പിൽ യിസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ പുറപ്പെട്ടു. പട്ടണത്തിന്‍റെ പിൻവശത്ത് തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ടെന്ന് അവൻ അറിഞ്ഞില്ല. യോശുവയും എല്ലാ യിസ്രായേലും അവരോട് തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിന് പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്തായി. ഹായിയിലും ബേഥേലിലും ഉള്ള ജനമൊക്കെയും പട്ടണം തുറന്നിട്ടേച്ച് യിസ്രായേലിനെ പിന്തുടർന്നു.
യോശുവ 8:9-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യോശുവ അവരെ അയച്ചു അവർ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്തു എഴുന്നേറ്റു ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽ മൂപ്പന്മാരും ജനത്തിന്നു മുമ്പായി ഹായിക്കു ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പിൽ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി; അവർക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി. അവർ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി. ഹായിരാജാവു അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ടു എഴുന്നേറ്റു നിശ്ചയിച്ചിരുന്ന സമയത്തു സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരെ പടെക്കു പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പു ഉണ്ടു എന്നു അവൻ അറിഞ്ഞില്ല. യോശുവയും എല്ലായിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്നു പട്ടണം വിട്ടു പുറത്തായി. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.
യോശുവ 8:9-17 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു. അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി. ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.