യോശുവ 8:9-17

യോശുവ 8:9-17 MCV

അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു. അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി. ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.