യോശുവ 5:1-9
യോശുവ 5:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി. അക്കാലത്ത് യഹോവ യോശുവയോട്: തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമഗിരിയിങ്കൽ വച്ച് പരിച്ഛേദന ചെയ്തു. യോശുവ പരിച്ഛേദന ചെയ്വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവച്ചു മരിച്ചുപോയി; പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്ന് പുറപ്പെട്ടശേഷം മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോട് സത്യം ചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോടു സത്യം ചെയ്തിരുന്നു. എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമികളായിരുന്നു. അവർ സർവ ജനത്തെയും പരിച്ഛേദന ചെയ്തു തീർന്നശേഷം അവർക്കു സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു. യഹോവ യോശുവയോട്: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ പറയുന്നു.
യോശുവ 5:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം കടന്നുപോകാൻ യോർദ്ദാൻനദിയിലെ വെള്ളം സർവേശ്വരൻ വറ്റിച്ചുകളഞ്ഞ വിവരം യോർദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യർ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു. “കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേൽജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സർവേശ്വരൻ യോശുവയോട് കല്പിച്ചു. അതനുസരിച്ചു യോശുവ കല്‌ക്കത്തിയുണ്ടാക്കി ഗിബയാത്ത് ഹാർലോത്തിൽ ഇസ്രായേൽജനത്തെ പരിച്ഛേദനം നടത്തി. യോശുവ അങ്ങനെ ചെയ്തതിനു കാരണം ഇതായിരുന്നു: ഈജിപ്തിൽനിന്നു പുറപ്പെട്ടശേഷം യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരെല്ലാവരും മരിച്ചുപോയിരുന്നു. യാത്ര പുറപ്പെട്ടപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏറ്റവരായിരുന്നു. എന്നാൽ ഈജിപ്തിൽനിന്നുള്ള യാത്രാമധ്യേ മരുഭൂമിയിൽവച്ചു ജനിച്ചവരാരും പരിച്ഛേദനം ഏറ്റിരുന്നില്ല. സർവേശ്വരന്റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തിൽനിന്നു പുറപ്പെട്ടവരിൽ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേൽജനം നാല്പതു വർഷക്കാലം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാൻ അവർക്ക് ഇടയാകുകയില്ലെന്നു സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരുന്നു. അവർക്കു പകരം അവരുടെ പുത്രന്മാരെ സർവേശ്വരൻ ഉയർത്തി; അവരെയായിരുന്നു യോശുവ പരിച്ഛേദനം ചെയ്തത്. യാത്രാമധ്യേ അവരുടെ പരിച്ഛേദനം നടന്നിരുന്നില്ല. പരിച്ഛേദനം കഴിഞ്ഞ് എല്ലാവരും സൗഖ്യം പ്രാപിക്കുന്നതുവരെ പാളയത്തിൽതന്നെ പാർത്തു. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഈജിപ്തിൽ അടിമകളായിരുന്നതിന്റെ അപമാനം ഇന്നു ഞാൻ നിങ്ങളിൽനിന്നു നീക്കിയിരിക്കുന്നു; അതുകൊണ്ട് ആ സ്ഥലം ‘ഗില്ഗാൽ’ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.”
യോശുവ 5:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേൽ മക്കൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം യഹോവ യോർദ്ദാൻ നദിയിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; യിസ്രായേൽ മക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി. അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക” എന്നു കല്പിച്ചു. യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളിലുള്ള പുരുഷന്മാരെ ഗിബെയത്ത് ഹാർലോത്തിൽ അഗ്രചർമ്മഗിരിയിൽവച്ചു പരിച്ഛേദന ചെയ്തു. യോശുവ പരിച്ഛേദന ചെയ്വാനുള്ള കാരണമോ, മിസ്രയീമിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽ വച്ചു മരിച്ചുപോയിരുന്നു. മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽ വച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. മിസ്രയീമിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണം വരെ യിസ്രായേൽ മക്കൾ നാല്പത് വര്‍ഷം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോട് സത്യം ചെയ്തിരുന്നു. എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു. സർവ്വജനത്തെയും പരിച്ഛേദന ചെയ്തു തീർന്നശേഷം അവർക്ക് സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു. യഹോവ യോശുവയോട്: “ഇന്ന് ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽ നിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു അരുളിച്ചെയ്തു. അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ എന്നു പേർ പറയുന്നു.
യോശുവ 5:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി. അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു. യോശുവ പരിച്ഛേദന ചെയ്വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവെച്ചു മരിച്ചുപോയി; പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയിൽവെച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു. എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു. അവർ സർവ്വജനത്തെയും പരിച്ഛേദനചെയ്തു തീർന്നശേഷം അവർക്കു സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു. യഹോവ യോശുവയോടു: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ പറയുന്നു.
യോശുവ 5:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു. ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു. അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു. മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു. അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ എന്നു പേർ പറയുന്നു.