ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു. ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല. ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു. അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു. മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു. അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ എന്നു പേർ പറയുന്നു.
യോശുവ 5 വായിക്കുക
കേൾക്കുക യോശുവ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 5:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ