യോശുവ 2:9-14
യോശുവ 2:9-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു. കേട്ടപ്പോൾതന്നെ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്ത് എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം. അവർ അവളോട്: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും എന്ന് ഉത്തരം പറഞ്ഞു.
യോശുവ 2:9-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങൾ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു. നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ചെങ്കടൽ വറ്റിച്ചതും യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങൾ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾതന്നെ ഞങ്ങൾ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം. അതുകൊണ്ട് ഞാൻ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സർവേശ്വരന്റെ നാമത്തിൽ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം. കൂടാതെ എന്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവർക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.” അവർ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവൻ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങൾ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാൽ സർവേശ്വരൻ ഈ ദേശം ഞങ്ങൾക്കു നല്‌കുമ്പോൾ ഞങ്ങൾ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.”
യോശുവ 2:9-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യഹോവ ഈ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു; നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ യഹോവ നിങ്ങൾക്ക് വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോട് ചെയ്തതും ഞങ്ങൾ കേട്ടു. കേട്ടപ്പോൾ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം ചോർന്നുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. “ആകയാൽ ഞാൻ നിങ്ങളോട് ദയ ചെയ്കകൊണ്ട് നിങ്ങളും എന്‍റെ പിതൃഭവനത്തോട് ദയ ചെയ്തു ഞങ്ങളെ മരണത്തിൽനിന്ന് വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോട് സത്യം ചെയ്കയും ഉറപ്പുള്ള ഒരു അടയാളം തരികയും വേണം. കൂടാതെ എന്‍റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിക്കുമെന്ന് ഉറപ്പും നല്കേണം.” അവർ അവളോട്: “ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്ക് തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും” എന്നു ഉത്തരം പറഞ്ഞു.
യോശുവ 2:9-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം. അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
യോശുവ 2:9-14 സമകാലിക മലയാളവിവർത്തനം (MCV)
“യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്. നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾത്തന്നെ നിങ്ങൾനിമിത്തം ഞങ്ങളുടെ ഹൃദയം ഭയംകൊണ്ടു കലങ്ങി; ധൈര്യം ചോർന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും ദൈവം ആകുന്നു. “അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക. എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.” ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”