യോശുവ 2:9-14

യോശുവ 2:9-14 MCV

“യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്. നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾത്തന്നെ നിങ്ങൾനിമിത്തം ഞങ്ങളുടെ ഹൃദയം ഭയംകൊണ്ടു കലങ്ങി; ധൈര്യം ചോർന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും ദൈവം ആകുന്നു. “അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക. എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.” ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”