യോശുവ 10:22-27
യോശുവ 10:22-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാർ ഐവരെയും ഗുഹയിൽനിന്ന് എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു. യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.
യോശുവ 10:22-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് യോശുവ കല്പിച്ചു: “ഗുഹ തുറന്ന് അഞ്ചു രാജാക്കന്മാരെയും എന്റെ അടുക്കൽ കൊണ്ടുവരിക.” അങ്ങനെ അവർ യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ അദ്ദേഹം ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടി; തന്റെകൂടെ യുദ്ധത്തിനുണ്ടായിരുന്ന പടത്തലവന്മാരോടു പറഞ്ഞു: നിങ്ങൾ ഈ രാജാക്കന്മാരുടെ കഴുത്തിൽ ചവിട്ടുവിൻ.” അവർ അങ്ങനെ ചെയ്തു. യോശുവ അവരോടു പറഞ്ഞു: നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; ശക്തരും ധീരരുമായിരിക്കുക. “നിങ്ങൾ ഏറ്റുമുട്ടാൻ പോകുന്ന ശത്രുക്കളോടെല്ലാം സർവേശ്വരൻ ഇങ്ങനെതന്നെ പ്രവർത്തിക്കും.” പിന്നീട് യോശുവ അവരെ വെട്ടിക്കൊന്ന് ശവശരീരങ്ങൾ അഞ്ചുമരങ്ങളിൽ കെട്ടിത്തൂക്കി; സായാഹ്നംവരെ അവ അവിടെ കിടന്നു. സൂര്യാസ്തമയസമയത്ത് യോശുവയുടെ കല്പനപ്രകാരം മൃതദേഹങ്ങൾ മരങ്ങളിൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ കൊണ്ടുപോയി ഇട്ടു. ഗുഹാമുഖത്ത് വലിയ കല്ലുകൾ ഉരുട്ടിവച്ചു. അവ ഇന്നും അവിടെയുണ്ട്.
യോശുവ 10:22-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യോശുവ: “ഗുഹയുടെ വായ് തുറന്ന് രാജാക്കന്മാരെ അഞ്ചുപേരേയും എന്‍റെ അടുക്കൽ കൊണ്ടുവരുവീൻ” എന്നു പറഞ്ഞു. അവർ യെരൂശലേം രാജാവ്, ഹെബ്രോൻ രാജാവ്, യർമ്മൂത്ത് രാജാവ്, ലാഖീശ് രാജാവ്, എഗ്ലോൻ രാജാവ് എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ എല്ലാം വിളിപ്പിച്ചു. തന്നോടുകൂടെ പോയ പടയാളികളുടെ അധിപതിമാരോടു: “ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെക്കുവീൻ” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോട്: “ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെതന്നെ ചെയ്യും” എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ ആ അഞ്ചു രാജാക്കന്മരെ വെട്ടിക്കൊന്ന് മരത്തിന്മേൽ തൂക്കി. സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിൽ നിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ വായിൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.
യോശുവ 10:22-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്തു യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്നു ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലു ഉരുട്ടിവെച്ചു; അതു ഇന്നുവരെയും അവിടെ ഇരിക്കുന്നു.
യോശുവ 10:22-27 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു. അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു. സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.