യോശുവ 10:22-27

യോശുവ 10:22-27 MCV

ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു. യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു. അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു. സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.