യോശുവ 10:15-21
യോശുവ 10:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു. എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദായിലെ ഗുഹയിൽ ചെന്ന് ഒളിച്ചു. രാജാക്കന്മാർ ഐവരും മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്ന് യോശുവയ്ക്ക് അറിവുകിട്ടി. എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവിൻ; നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരേ ആരും തന്റെ നാവ് അനക്കിയതുമില്ല.
യോശുവ 10:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് യോശുവയും സൈന്യവും ഗില്ഗാലിലുള്ള പാളയത്തിലേക്കു മടങ്ങി. അമോര്യരാജാക്കന്മാർ അഞ്ചു പേരും രക്ഷപെട്ട് മക്കേദായിലെ ഒരു ഗുഹയിൽ ചെന്ന് ഒളിച്ചു. ആ വിവരം അറിഞ്ഞപ്പോൾ യോശുവ പറഞ്ഞു: “ഗുഹയുടെ വാതില്‌ക്കൽ വലിയ കല്ലുകൾ ഉരുട്ടിവച്ച് അവർക്ക് കാവൽ ഏർപ്പെടുത്തുക. നിങ്ങൾ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്.” യോശുവയും ഇസ്രായേൽജനവും അവരെ സംഹരിച്ചു. ഏതാനും പേർ മാത്രം തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിച്ചു രക്ഷപെട്ടു. ജനമെല്ലാം മക്കേദാപാളയത്തിൽ യോശുവയുടെ അടുക്കൽ ക്ഷേമമായി മടങ്ങിവന്നു. ഇസ്രായേല്യർക്കെതിരെ നാവനക്കാൻ ആരും ധൈര്യപ്പെട്ടില്ല.
യോശുവ 10:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവയും യിസ്രായേൽ ജനമൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിവന്നു. എന്നാൽ ആ രാജാക്കന്മാർ അഞ്ചുപേരും രക്ഷപെട്ട് മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. രാജാക്കന്മാർ മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി യോശുവയ്ക്ക് അറിവുകിട്ടി. യോശുവ: “ഗുഹയുടെ ദ്വാരത്തിൽ വലിയ കല്ലുകൾ ഉരുട്ടിവെച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവീൻ; നിങ്ങൾ ശത്രുക്കളെ പിന്തുടർന്ന് അവരുടെ പിൻപടയെ ആക്രമിക്കുക. പട്ടണങ്ങളിൽ കടക്കുവാൻ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോശുവയും യിസ്രായേൽമക്കളും ഒരു മഹാസംഹാരം നടത്തി. ജീവനോടെ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. പടയാളികൾ സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽ മക്കളുടെ നേരെ ആരും നാവ് അനക്കിയതുമില്ല.
യോശുവ 10:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു. എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു. രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി. എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ; നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടർന്നു അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു. ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
യോശുവ 10:15-21 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി. രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു. ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു. യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക. എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി. ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.