യോശുവ 10:15-21

യോശുവ 10:15-21 MCV

അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി. രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു. ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു. യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക. എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി. ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.