യോശുവ 10:1-14 - Compare All Versions
യോശുവ 10:1-14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻനിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോൾ ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു. ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോൻരാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു: ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ എന്നു പറയിച്ചു. ഇങ്ങനെ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്ന് ഗിബെയോനു നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധം ചെയ്തു. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു പറയിച്ചു. എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകല പരാക്രമശാലികളും ഗില്ഗാലിൽനിന്നു പുറപ്പെട്ടു. യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിർത്തു. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കന്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻതാഴ്‌വരയിലും നില്ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
യോശുവ 10:1-14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യെരീഹോയോടും അവിടത്തെ രാജാവിനോടും പ്രവർത്തിച്ചതുപോലെതന്നെ യോശുവ ഹായി പിടിച്ചെടുക്കുകയും അവിടത്തെ രാജാവിനെ വധിക്കുകയും ചെയ്ത വിവരം യെരൂശലേമിലെ രാജാവായ അദോനീ-സേദെക് കേട്ടു. ഗിബെയോൻനിവാസികൾ ഇസ്രായേലുമായി സഖ്യം ചെയ്ത് അവരുടെകൂടെ പാർക്കുന്ന വിവരവും അയാൾ അറിഞ്ഞു. അപ്പോൾ യെരൂശലേംനിവാസികൾ പരിഭ്രാന്തരായി. രാജനഗരങ്ങളെപ്പോലെ ഗിബെയോൻ വലുതും ഹായിയെക്കാൾ വിസ്തൃതവും അവിടത്തെ ജനത സുശക്തരും ആയിരുന്നല്ലോ. തന്നിമിത്തം യെരൂശലേമിലെ രാജാവായ അദോനീ-സേദെക്, ഹെബ്രോനിലെ രാജാവായ ഹോഹാമിന്റെയും യർമൂത്തിലെ രാജാവായ പിരാമിന്റെയും ലാഖീശിലെ രാജാവായ യാഹീയയുടെയും എഗ്ലോൻരാജാവായ ദെബീരിന്റെയും അടുക്കൽ സന്ദേശം അയച്ച് ഇപ്രകാരം അറിയിച്ചു: “യോശുവയോടും ഇസ്രായേൽജനത്തോടും സഖ്യത്തിൽ ഏർപ്പെട്ടതുകൊണ്ട് ഗിബെയോന്യരെ നശിപ്പിക്കാൻ നിങ്ങൾ എന്നെ സഹായിക്കണം.” യെരൂശലേം, ഹെബ്രോൻ, യർമൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ അഞ്ച് അമോര്യരാജാക്കന്മാർ സൈന്യസന്നാഹത്തോടെ ചെന്ന് ഗിബെയോന് എതിരായി പാളയമടിച്ച് അതിനെ ആക്രമിച്ചു. “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ കൈവിടരുതേ. ഉടൻതന്നെ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിച്ചാലും. പർവതപ്രദേശത്തുള്ള അമോര്യരാജാക്കന്മാരെല്ലാം ഞങ്ങൾക്കെതിരെ ഒത്തുചേർന്നിരിക്കുന്നു” എന്നു ഗിബെയോൻനിവാസികൾ ഗില്ഗാലിൽ പാളയമടിച്ചിരുന്ന യോശുവയെ അറിയിച്ചു. വീരയോദ്ധാക്കൾ ഉൾപ്പെടുന്ന സൈന്യത്തോടൊപ്പം യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “അവരെ ഭയപ്പെടേണ്ടാ; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നിരിക്കുന്നു. അവരിൽ ഒരാൾപോലും നിന്നെ നേരിടാൻ കരുത്തനല്ല. യോശുവയും സൈന്യവും ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനിൽ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവർ അമോര്യരെ ആക്രമിച്ചു. സർവേശ്വരൻ ഇസ്രായേൽസൈന്യത്തിന്റെ മുൻപിൽ അമോര്യരെ പരിഭ്രാന്തരാക്കി. ഇസ്രായേല്യർ ഗിബെയോനിൽവച്ച് അവരെ സംഹരിച്ചു. ബേത്ത്-ഹോരോൻ മലയിടുക്കിലൂടെ അസേക്കായും, മക്കേദായുംവരെ അവരെ പിന്തുടർന്നു കൊന്നൊടുക്കി. ഇസ്രായേൽസൈന്യത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയ അമോര്യരുടെമേൽ ബേത്ത്-ഹോരോൻ കയറ്റംമുതൽ അസേക്കാവരെ സർവേശ്വരൻ കന്മഴ വർഷിപ്പിച്ചു; അവർ മരിച്ചുവീണു. ഇസ്രായേല്യർ വാളുകൊണ്ട് സംഹരിച്ചതിനെക്കാൾ കൂടുതൽ ആളുകൾ കന്മഴകൊണ്ടു മരിച്ചു. സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്‌ക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുംവരെ സൂര്യനും ചന്ദ്രനും നിശ്ചലമായിനിന്നു. യാശാറിന്റെ പുസ്തകത്തിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; അങ്ങനെ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ ആകാശമധ്യേ നിന്നു. ഒരു മനുഷ്യൻ പറഞ്ഞതനുസരിച്ചു സർവേശ്വരൻ പ്രവർത്തിച്ച ആ ദിവസംപോലെ മറ്റൊരു ദിവസം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. സർവേശ്വരൻതന്നെ ആയിരുന്നു ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.
യോശുവ 10:1-14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യെരൂശലേം രാജാവായ അദോനീസേദെക്, യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും കേട്ടു. ഗിബെയോൻ നിവാസികൾ യിസ്രായേലിനോട് സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും അവൻ കേട്ടു. ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയ പട്ടണമായിരുന്നു. അത് ഹായിയെക്കാൾ വലിയതും അവിടുത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു. ആകയാൽ യെരൂശലേം രാജാവായ അദോനീ-സേദെക്ക് ഹെബ്രോൻ രാജാവായ ഹോഹാമിന്‍റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ച്: “ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ” എന്നു പറയിപ്പിച്ചു. ഇങ്ങനെ യെരൂശലേം, ഹെബ്രോൻ, യർമ്മൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളും ഗിബെയോന് നേരെ പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ച്: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽവന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു” എന്നു പറയിപ്പിച്ചു. അപ്പോൾ യോശുവയും എല്ലാ പടയാളികളും പരാക്രമശാലികളും ഗില്ഗാലിൽനിന്ന് പുറപ്പെട്ടു. യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല” എന്നു അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ടു രാത്രിമുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു. യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. എന്നാൽ യഹോവ അമോര്യരെ യിസ്രായേൽ മക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽ മക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക” എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. യഹോവ ഒരു മനുഷ്യന്‍റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തത്.
യോശുവ 10:1-14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശുവ ഹായിപട്ടണം പിടിച്ചു നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്ക് കേട്ടപ്പോൾ ഗിബെയോൻരാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു. ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു: ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിൻ എന്നു പറയിച്ചു. ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു. എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു. യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിർത്തു. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
യോശുവ 10:1-14 MCV (സമകാലിക മലയാളവിവർത്തനം)
യോശുവ ഹായിപട്ടണം പിടിച്ച് ഉന്മൂലനാശംവരുത്തി എന്നും, യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്യർ ഇസ്രായേലിനോടു സമാധാനയുടമ്പടി ചെയ്ത് അവരോട് സഖ്യത്തിലായി എന്നും ജെറുശലേംരാജാവായ അദോനി-സെദെക് കേട്ടു. ഗിബെയോൻ ഒരു രാജകീയ നഗരംപോലെ പ്രധാനപട്ടണമായിരുന്നു. ഹായിയെക്കാൾ വലിയ പട്ടണവുമായിരുന്നു അത്. മാത്രമല്ല അവിടത്തെ പുരുഷന്മാരെല്ലാം നല്ല പോരാളികളുമായിരുന്നു. ഇക്കാരണങ്ങളാൽ അദോനി-സേദെക്കും അവന്റെ ആളുകളും വളരെ ഭയപ്പെട്ടു. അതുകൊണ്ട് ജെറുശലേംരാജാവായ അദോനി-സെദെക്, ഹെബ്രോൻരാജാവായ ഹോഹാമിനോടും യർമൂത്തുരാജാവായ പിരാമിനോടും ലാഖീശുജാവായ യാഫിയയോടും എഗ്ലോൻരാജാവായ ദെബീരിനോടും, “ഗിബെയോൻ യോശുവയോടും ഇസ്രായേൽമക്കളോടും സമാധാന ഉടമ്പടി ചെയ്തിരിക്കുകയാൽ, ഗിബെയോനെ ആക്രമിക്കുന്നതിന് എന്നെ വന്നു സഹായിക്കുക” എന്നപേക്ഷിച്ചു. ഇങ്ങനെ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരുംകൂടി ഒരു ഐക്യചേരിയായി; അവരുടെ മുഴുവൻ സൈന്യവുമായി ഗിബെയോനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു. “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഉപേക്ഷിക്കരുതേ, അതിവേഗം വന്നു ഞങ്ങളെ രക്ഷിക്കണമേ. പർവതപ്രദേശങ്ങളിലെ അമോര്യരാജാക്കന്മാർ എല്ലാവരും ഒരുമിച്ചുകൂടി ഞങ്ങൾക്കുനേരേ വന്നിരിക്കുന്നു, ഞങ്ങളെ സഹായിക്കണമേ,” എന്നു ഗിബെയോന്യർ ഗിൽഗാൽപാളയത്തിലായിരുന്ന യോശുവയ്ക്കു സന്ദേശം അയച്ചു. അപ്പോൾ യോശുവ ഏറ്റവും നല്ല പോരാളികളുൾപ്പെടെയുള്ള സർവസൈന്യവുമായി ഗിൽഗാലിൽനിന്ന് പുറപ്പെട്ടു. യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു. ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു. യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി. ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ. യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു: “സൂര്യാ, നീ ഗിബെയോനു മുകളിലും, ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ, സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും നിന്നു. യാശീരിന്റെ ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു. സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു. യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു!