യോശുവ 10:1-14
യോശുവ 10:1-14 IRVMAL
യെരൂശലേം രാജാവായ അദോനീസേദെക്, യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്‍റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്‍റെ രാജാവിനോടും ചെയ്തു എന്നും കേട്ടു. ഗിബെയോൻ നിവാസികൾ യിസ്രായേലിനോട് സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും അവൻ കേട്ടു. ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയ പട്ടണമായിരുന്നു. അത് ഹായിയെക്കാൾ വലിയതും അവിടുത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു. ആകയാൽ യെരൂശലേം രാജാവായ അദോനീ-സേദെക്ക് ഹെബ്രോൻ രാജാവായ ഹോഹാമിന്‍റെയും യർമ്മൂത്ത്‌രാജാവായ പിരാമിന്‍റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്‍റെയും അടുക്കൽ ആളയച്ച്: “ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ” എന്നു പറയിപ്പിച്ചു. ഇങ്ങനെ യെരൂശലേം, ഹെബ്രോൻ, യർമ്മൂത്ത്, ലാഖീശ്, എഗ്ലോൻ എന്നീ രാജ്യങ്ങളിലെ അഞ്ചു അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളും ഗിബെയോന് നേരെ പാളയം ഇറങ്ങി അതിനോട് യുദ്ധംചെയ്തു. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ച്: “അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽവന്ന് ഞങ്ങളെ സഹായിച്ച് രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഞങ്ങൾക്ക് വിരോധമായി ഒന്നിച്ച് കൂടിയിരിക്കുന്നു” എന്നു പറയിപ്പിച്ചു. അപ്പോൾ യോശുവയും എല്ലാ പടയാളികളും പരാക്രമശാലികളും ഗില്ഗാലിൽനിന്ന് പുറപ്പെട്ടു. യഹോവ യോശുവയോട്: “അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്‍റെ മുമ്പിൽ നിൽക്കയില്ല” എന്നു അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ടു രാത്രിമുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു. യഹോവ അവരെ ചിന്താക്കുഴപ്പത്തിലാക്കി. ഗിബെയോനിൽവെച്ച് യിസ്രായേൽ അവരെ കഠിനമായി തോല്പിച്ച് ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ ഓടിച്ച് അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി. അങ്ങനെ അവർ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. എന്നാൽ യഹോവ അമോര്യരെ യിസ്രായേൽ മക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോട് സംസാരിച്ചു. യിസ്രായേൽ മക്കൾ കേൾക്കെ: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക” എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. യഹോവ ഒരു മനുഷ്യന്‍റെ വാക്ക് കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തത്.

