ഇയ്യോബ് 38:24-38 - Compare All Versions
ഇയ്യോബ് 38:24-38 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? നിർജനദേശത്തും ആൾപാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും ഇളംപുല്ലു മുളപ്പിക്കേണ്ടതിനും ജലപ്രവാഹത്തിനു ചാലും ഇടിമിന്നലിനു പാതയും വെട്ടിക്കൊടുത്തതാർ? മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനത നിർണയിക്കാമോ? ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാൻ തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാർ? മനസ്സിനു വിവേകം കൊടുത്തവൻ ആർ? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
ഇയ്യോബ് 38:24-38 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും ഭൂമിയിൽ വീശുന്ന കിഴക്കൻകാറ്റിന്റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്? നിർജനപ്രദേശത്തും ആരും പാർക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശായ പാഴ്നിലത്തിന്റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്? മഴയ്‍ക്കു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികൾക്ക് ആരു ജന്മമേകി? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറത്തുവന്നു? ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി? വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു. കാർത്തിക നക്ഷത്രങ്ങളുടെ ചങ്ങലകൾ ബന്ധിക്കാമോ? മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ? നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ? സപ്തർഷിമണ്ഡലത്തെ നയിക്കാമോ? ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്കറിയാമോ? അവ ഭൂമിയിൽ പ്രയോഗിക്കാൻ നിനക്കു കഴിയുമോ? പെരുവെള്ളം നിന്നെ മൂടാൻ തക്കവിധം മഴ പെയ്യിക്കാൻ മേഘങ്ങളോട് ഉച്ചത്തിൽ ആജ്ഞാപിക്കാൻ നിനക്കു കഴിയുമോ? ‘ഇതാ ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാൻ തക്കവിധം മിന്നൽപ്പിണരുകളോട് ആജ്ഞാപിക്കാമോ? ഹൃദയത്തിൽ ജ്ഞാനവും മനസ്സിൽ വിവേകവും നിക്ഷേപിച്ചതാര്? പൂഴി കട്ടിയായിത്തീരാനും മൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാൻ ആർക്കു കഴിയും? ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാനും ആർക്കു കഴിയും?
ഇയ്യോബ് 38:24-38 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
വെളിച്ചം പിരിയുന്നതും കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? “മഴയ്ക്ക് ഒരു ചാലും ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്‍? നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കുന്നതാര്‍? തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും മഴ പെയ്യിക്കുന്നതാര്‍? “മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. “കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? “ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? “അടിയങ്ങൾ വിടകൊള്ളുന്നു” എന്നു നിന്നോട് പറഞ്ഞു പുറപ്പെടുവാൻ തക്കവിധം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? മനസ്സിന് വിവേകം കൊടുത്തവൻ ആര്‍? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്? ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്‍?
ഇയ്യോബ് 38:24-38 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു? നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ? മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
ഇയ്യോബ് 38:24-38 MCV (സമകാലിക മലയാളവിവർത്തനം)
വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്? കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്? നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു മാർഗവും വെട്ടിക്കൊടുത്തത്? മഴയ്ക്ക് ഒരു പിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്? ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്? വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ, ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ? “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ? മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ? നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ? ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ? ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ? “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ? ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ? ‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ? ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്? പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ? പൊടി കട്ടപിടിക്കുമ്പോഴും മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്? ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും?