ഇയ്യോബ് 38:1-41

ഇയ്യോബ് 38:1-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; ഞാൻ അതിന് അതിർ നിയമിച്ചു കതകും ഓടാമ്പലും വച്ചു. ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗർവം നിലയ്ക്കും എന്നു കല്പിച്ചു. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു. ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാർപ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ? നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വച്ചിരിക്കുന്നു. വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? നിർജനദേശത്തും ആൾപാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും ഇളംപുല്ലു മുളപ്പിക്കേണ്ടതിനും ജലപ്രവാഹത്തിനു ചാലും ഇടിമിന്നലിനു പാതയും വെട്ടിക്കൊടുത്തതാർ? മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനത നിർണയിക്കാമോ? ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാൻ തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാർ? മനസ്സിനു വിവേകം കൊടുത്തവൻ ആർ? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ? സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിനു തീൻ എത്തിച്ചു കൊടുക്കുന്നതാർ?

ഇയ്യോബ് 38:1-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ സർവേശ്വരൻ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിന് ഉത്തരം അരുളി: “അറിവില്ലാത്ത വാക്കുകളാൽ, ഉപദേശത്തെ ഇരുളാക്കുന്ന ഇവനാര്? പൗരുഷമുള്ളവനെപ്പോലെ നീ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോടു ചോദിക്കുന്നതിന് ഉത്തരം പറയുക. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെ ആയിരുന്നു? അറിയാമെങ്കിൽ പറയുക. അതിന്റെ അളവു നിർണയിച്ചത് ആര്? നിശ്ചയമായും നിനക്ക് അത് അറിയാമല്ലോ. അതിന്റെ മീതെ അളവുനൂൽ പിടിച്ചത് ആര്? പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്നു പാടുകയും മാലാഖമാർ ആനന്ദിച്ച് ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അതിന്റെ മൂലക്കല്ല് ആരു സ്ഥാപിച്ചു? ഗർഭത്തിൽനിന്ന് കുതിച്ചുചാടിയ സമുദ്രത്തെ, വാതിലുകളടച്ച് തടഞ്ഞതാര്? അന്നു ഞാൻ മേഘങ്ങളെ അതിന്റെ ഉടുപ്പും കൂരിരുട്ടിനെ അതിന്റെ ഉടയാടയുമാക്കി. ഞാൻ സമുദ്രത്തിന് അതിർത്തി വച്ചു; കതകുകളും ഓടാമ്പലുകളും പിടിപ്പിച്ചു. പിന്നീട്, നിനക്ക് ഇവിടംവരെ വരാം; ഇതിനപ്പുറം കടക്കരുത്; ഇവിടെ നിന്റെ ഗർവിഷ്ഠമായ തിരമാലകൾ നില്‌ക്കട്ടെ എന്നു ഞാൻ സമുദ്രത്തോടു കല്പിച്ചു. ഭൂമിയുടെ അതിർത്തികളെ പിടിച്ചടക്കാനും ദുർജനത്തെ കുടഞ്ഞുകളയാനും നീ ആയുസ്സിൽ എപ്പോഴെങ്കിലും പ്രഭാതത്തിന് കല്പന കൊടുത്തിട്ടുണ്ടോ? അരുണോദയത്തിന് നീ സ്ഥാനം നിർദ്ദേശിച്ചിട്ടുണ്ടോ? മുദ്ര പതിച്ച കളിമണ്ണുപോലെ അതു രൂപംകൊള്ളുന്നു. വർണശബളമായ വസ്ത്രംപോലെ അതു ദൃശ്യമാകുന്നു. ദുഷ്ടന്മാർക്ക് അവരുടെ പ്രകാശം നിഷേധിക്കപ്പെടുന്നു. അവർ ഉയർത്തിയ കരങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്റെ ഉറവിടത്തിൽ നീ പ്രവേശിച്ചിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? ഘോരാന്ധകാരത്തിന്റെ വാതിലുകൾ നിനക്കു ദൃശ്യമായിട്ടുണ്ടോ? ഭൂമിയുടെ വിസ്തൃതി നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയൊക്കെ നിനക്ക് അറിയാമെങ്കിൽ പറയുക. വെളിച്ചത്തിന്റെ വാസസ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാർപ്പിടം എവിടെ? അവയെ അവയുടെ അതിർത്തിക്കുള്ളിലേക്ക് നയിക്കാൻ അവയുടെ പാർപ്പിടത്തിലേക്കുള്ള വഴി നിനക്ക് അറിയാമോ? നിശ്ചയമായും നിനക്കറിയാം; നീ അന്നേ ജനിച്ചിരുന്നല്ലോ; നിന്റെ ആയുസ്സ് അത്രയ്‍ക്ക് ദീർഘമാണല്ലോ; ഹിമത്തിന്റെ സംഭരണശാലകളിൽ നീ പ്രവേശിച്ചിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? കഷ്ടകാലത്തേക്കും യുദ്ധകാലത്തേക്കും വേണ്ടി ഞാൻ അവ സംഭരിച്ചിരിക്കുന്നു. വെളിച്ചം പ്രസരിപ്പിക്കുന്ന സ്ഥലത്തേക്കും ഭൂമിയിൽ വീശുന്ന കിഴക്കൻകാറ്റിന്റെ ഉദ്ഭവസ്ഥാനത്തേക്കുമുള്ള വഴി ഏത്? നിർജനപ്രദേശത്തും ആരും പാർക്കാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശായ പാഴ്നിലത്തിന്റെ ദാഹം ശമിപ്പിക്കാനും ഭൂമി ഇളമ്പുല്ലു മുളപ്പിക്കാനും വേണ്ടി പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു പാതയും വെട്ടിത്തുറന്നതാര്? മഴയ്‍ക്കു ജനയിതാവുണ്ടോ? മഞ്ഞുതുള്ളികൾക്ക് ആരു ജന്മമേകി? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറത്തുവന്നു? ആകാശത്തിലെ പൊടിമഞ്ഞിന് ആരു ജന്മം നല്‌കി? വെള്ളം പാറക്കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം ഉറഞ്ഞു കട്ടിയാകുന്നു. കാർത്തിക നക്ഷത്രങ്ങളുടെ ചങ്ങലകൾ ബന്ധിക്കാമോ? മകയിരത്തെ ബന്ധിച്ചിരിക്കുന്ന പാശം അഴിക്കാമോ? നിനക്ക് യഥാകാലം രാശിചക്രം നിയന്ത്രിക്കാമോ? സപ്തർഷിമണ്ഡലത്തെ നയിക്കാമോ? ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്കറിയാമോ? അവ ഭൂമിയിൽ പ്രയോഗിക്കാൻ നിനക്കു കഴിയുമോ? പെരുവെള്ളം നിന്നെ മൂടാൻ തക്കവിധം മഴ പെയ്യിക്കാൻ മേഘങ്ങളോട് ഉച്ചത്തിൽ ആജ്ഞാപിക്കാൻ നിനക്കു കഴിയുമോ? ‘ഇതാ ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് പുറപ്പെടാൻ തക്കവിധം മിന്നൽപ്പിണരുകളോട് ആജ്ഞാപിക്കാമോ? ഹൃദയത്തിൽ ജ്ഞാനവും മനസ്സിൽ വിവേകവും നിക്ഷേപിച്ചതാര്? പൂഴി കട്ടിയായിത്തീരാനും മൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും തക്കവിധം ആകാശത്തിലെ ജലസംഭരണിയെ ചെരിക്കാൻ ആർക്കു കഴിയും? ജ്ഞാനത്താൽ മേഘങ്ങളെ എണ്ണാനും ആർക്കു കഴിയും? സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോൾ, മറവിടങ്ങളിൽ പതിയിരിക്കുമ്പോൾ, അവയ്‍ക്കുവേണ്ടി ഇര തേടിക്കൊടുക്കാനും സിംഹക്കുട്ടികളുടെ വിശപ്പടക്കാനും നിനക്കു കഴിയുമോ? വിശന്നിട്ടു ദൈവത്തോടു നിലവിളിക്കുന്ന കാക്കക്കുഞ്ഞുങ്ങൾക്കുവേണ്ടി ഇര തേടി അലഞ്ഞുതിരിയുന്ന കാക്കയ്‍ക്കു തീറ്റി കൊടുക്കുന്നത് ആരാണ്?

ഇയ്യോബ് 38:1-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്: “അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്ന ഇവനാര്‍? നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക. “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍? അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്‍റെ മൂലക്കല്ലിട്ടവൻ ആര്‍? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ച് ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ? “ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആര്‍? അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; ഞാൻ അതിന് അതിര്‍ നിയമിച്ചു കതകും ഓടാമ്പലും വച്ചു. ‘ഇത്രത്തോളം നിനക്കുവരാം; ഇത് കടക്കരുത്; ഇവിടെ നിന്‍റെ തിരമാലകളുടെ ഗർവ്വം നിലയ്ക്കും’ എന്നു കല്പിച്ചു. “ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും നിന്‍റെ ജീവകാലത്ത് ഒരിക്കലെങ്കിലും നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ? അത് മുദ്രയുടെ കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ അതിലുള്ളതെല്ലാം വിളങ്ങിനില്‍ക്കുന്നു. ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. “നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്‍റെ പാർപ്പിടവും എവിടെ? നിനക്കു അവയെ അവയുടെ അതിര്‍ വരെ കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ? “നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു. വെളിച്ചം പിരിയുന്നതും കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? “മഴയ്ക്ക് ഒരു ചാലും ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്‍? നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കുന്നതാര്‍? തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീർക്കേണ്ടതിനും ഇളമ്പുല്ല് മുളപ്പിക്കേണ്ടതിനും മഴ പെയ്യിക്കുന്നതാര്‍? “മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. “കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? “ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? “അടിയങ്ങൾ വിടകൊള്ളുന്നു” എന്നു നിന്നോട് പറഞ്ഞു പുറപ്പെടുവാൻ തക്കവിധം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? മനസ്സിന് വിവേകം കൊടുത്തവൻ ആര്‍? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്? ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്‍? “സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്‍?

ഇയ്യോബ് 38:1-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക. ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു. ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ? നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ? നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു? നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ? മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ? ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ? സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?

ഇയ്യോബ് 38:1-41 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി: “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്? പുരുഷനെപ്പോലെ അര മുറുക്കുക; ഞാൻ നിന്നോടു ചോദിക്കും, നീ എനിക്ക് ഉത്തരം നൽകണം. “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പറയുക. അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം! അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്? ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്? അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്? “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്? ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ, ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്; കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ, ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല; അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’ ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ? അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ? മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു; ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു. ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു, അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു. “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ? ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ? മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക. “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ? ഇരുളിന്റെ പാർപ്പിടവും എവിടെ? അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ? അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ? നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ! നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ! “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ? അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ? ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു. വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്? കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്? നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു മാർഗവും വെട്ടിക്കൊടുത്തത്? മഴയ്ക്ക് ഒരു പിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്? ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്? വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ, ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ? “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ? മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ? നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ? ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ? ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ? “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ? ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ? ‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ? ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്? പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ? പൊടി കട്ടപിടിക്കുമ്പോഴും മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്? ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും? “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ? സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ? കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച് ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ, അതിന് ആഹാരം നൽകുന്നത് ആരാണ്?