ഇയ്യോബ് 20:1-29
ഇയ്യോബ് 20:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ. എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു. മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ? ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ. അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും. അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല. അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നെ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും. അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും. ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻകീഴെ മറച്ചു വച്ചാലും അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ച് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും. അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവ് അവനെ കൊല്ലും. തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല. തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല. അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു. അവന്റെ കൊതിക്കു പതം വരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല. അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല. അവന്റെ സമൃദ്ധിയുടെ പൂർണതയിൽ അവനു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്റെമേൽ വരും. അവൻ വയറു നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും. അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും. അവൻ പറിച്ചിട്ട് അത് അവന്റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു. അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും. ഭൂമി അവനോട് എതിർത്തു നില്ക്കും. അവന്റെ വീട്ടിലെ വരവു പൊയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അത് ഒഴുകിപ്പോകും. ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.
ഇയ്യോബ് 20:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നയമാത്യനായ സോഫർ പറഞ്ഞു: “ഉള്ളിൽ ഒതുങ്ങാത്ത വിചാരങ്ങൾ മറുപടി പറയാൻ എന്നെ അക്ഷമനാക്കുന്നു. എന്നെ വ്രണപ്പെടുത്തുന്ന നിന്ദാവചനങ്ങളാണ് ഞാൻ കേട്ടത്; എന്റെ വിവേകം മറുപടി പറയാൻ എന്നെ പ്രേരിപ്പിക്കുന്നു. പുരാതനകാലം മുതൽക്കേ, മനുഷ്യൻ ആദ്യമായി ഭൂമിയിൽ ഉണ്ടായ കാലം മുതൽക്കേ ദുർജനത്തിന്റെ ജയഘോഷവും ദൈവനിന്ദകന്റെ സന്തോഷവും ക്ഷണികമെന്ന് നിനക്കറിയില്ലേ? അവൻ ആകാശത്തോളം ഉയർന്നാലും, അവന്റെ ശിരസ്സ് മേഘങ്ങളെ സ്പർശിച്ചാലും, വിസർജനവസ്തുപോലെ അവൻ നശിച്ചൊടുങ്ങും. അവനെ മുമ്പ് കണ്ടിട്ടുള്ളവൻ ‘അവൻ എവിടെ’ എന്നു ചോദിക്കും. അവൻ സ്വപ്നംപോലെ മാഞ്ഞുപോകും, അവനെ പിന്നെ കാണുകയില്ല. നിശാദർശനംപോലെ അവൻ മറഞ്ഞുപോകും. അവനെ കണ്ടിട്ടുള്ളവൻ പിന്നീട് അവനെ കാണുകയില്ല. അവന്റെ ജന്മസ്ഥലം വീണ്ടും അവനെ ദർശിക്കുകയില്ല; അവന്റെ സന്തതികൾ ദരിദ്രനോട് ഇരക്കും. നേടിയതെല്ലാം അവനു തിരികെ കൊടുക്കേണ്ടിവരും. അവന്റെ നിറഞ്ഞ യൗവന തീക്ഷ്ണത അവനോടൊപ്പം പൂഴിയിൽ അമരും. ദുഷ്ടത അവനു മധുരമായി തോന്നിയാലും, അതു നാവിനടിയിൽ ഒളിച്ചുവച്ചാലും, വിഴുങ്ങാതെ വായിൽത്തന്നെ നുണഞ്ഞുകൊണ്ടിരുന്നാലും, അതു വയറ്റിൽ ചെന്നു സർപ്പവിഷമായിത്തീരും. അവൻ സമ്പത്തു വിഴുങ്ങിയാലും അതു ഛർദിക്കേണ്ടിവരും. ദൈവം അവന്റെ ഉദരത്തിൽനിന്ന് അതു പുറത്തുചാടിക്കും. അവൻ സർപ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റ് മരിക്കും. തേനും പാലും ഒഴുകുന്ന നീർച്ചാലുകൾ അവൻ കാണുകയില്ല. അധ്വാനഫലം അനുഭവിക്കാൻ അവന് ഇടവരികയില്ല; വ്യാപാരലാഭം അവനു സന്തോഷം നല്‌കുകയില്ല. അവൻ ദരിദ്രനെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു. താൻ പണിയാത്ത വീട് അവൻ കൈവശപ്പെടുത്തി. അവന്റെ അത്യാർത്തിക്ക് അതിരില്ലാത്തതിനാൽ ആനന്ദം നല്‌കുന്നതൊന്നും അവൻ നേടുകയില്ല. ഭക്ഷണത്തിനുള്ളതിൽ കവിഞ്ഞൊന്നും അവൻ സമ്പാദിക്കുകയില്ല. അതിനാൽ അവന്റെ ഐശ്വര്യത്തിന് ആയുസ്സില്ല. പൂർണസമൃദ്ധിയിലും അവനു ഞെരുക്കമായിരിക്കും; അതികഠിനമായ ദുരിതം അവന്റെമേൽ നിപതിക്കും. ദൈവം ചൊരിയുന്ന ഉഗ്രകോപമായിരിക്കും അവന്റെ വയറുനിറയ്‍ക്കുക. ദൈവം ഭക്ഷണമായി അവനു വർഷിച്ചു കൊടുക്കുന്നത് അതായിരിക്കും. ഇരുമ്പായുധത്തിൽനിന്ന് ഓടി ഒഴിയുമ്പോൾ പിച്ചളയമ്പ് അവന്റെമേൽ തുളച്ചുകയറും. അത് അവൻ വേദനയോടെ വലിച്ചൂരും; അതിന്റെ തിളങ്ങുന്ന മുന പിത്തഗ്രന്ഥിവരെ തുളച്ചുകയറിയിരിക്കും. കൊടുംഭീതി അവനെ ബാധിക്കും. ഘോരാന്ധകാരമായിരിക്കും അവന്റെ സമ്പാദ്യം; ആരും ഊതിക്കത്തിക്കാത്ത അഗ്നി അവനെ വിഴുങ്ങിക്കളയും; അവന്റെ കൂടാരത്തിൽ അവശേഷിക്കുന്നത് എല്ലാം അഗ്നിക്കിരയാകും. ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും; ഭൂമി അവന് എതിരായി സാക്ഷിപറയും. അവന്റെ വീട്ടിലെ വസ്തുവകകളെല്ലാം അപഹരിക്കപ്പെടും; ദൈവത്തിന്റെ ക്രോധദിനത്തിൽ അവ നഷ്ടമാകും. ഇതാണ് ദുഷ്ടനു ദൈവം നല്‌കുന്ന ഓഹരി; ദൈവം അവനു നിശ്ചയിച്ചിരിക്കുന്ന അവകാശം!”
ഇയ്യോബ് 20:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: “ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്‍റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും. അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്‍റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല. അവന്‍റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്‍റെ സമ്പത്ത് മടക്കിക്കൊടുക്കും. അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടെ പൊടിയിൽ കിടക്കും. ”ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്‍റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും. തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല. തന്‍റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല. അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു. ”അവന്റെ കൊതിക്കു മതിവരാത്തതുകൊണ്ട് അവൻ തന്‍റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല. അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും. അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും. അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും. അവൻ അത് അവന്‍റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്‍റെ പിത്തഗ്രന്ഥിയിൽനിന്നു പുറപ്പെടുന്നു; കൊടും ഭീതി അവന്‍റെമേൽ ഇരിക്കുന്നു. അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും. അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും. ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.”
ഇയ്യോബ് 20:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ. എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു. മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ? ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു. അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും. അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല. അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും. അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും. ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും. അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും. തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല. തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല. അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീടു അപഹരിച്ചു. അവന്റെ കൊതിക്കു പതംവരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല. അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല. അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും. അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും. അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും. അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു; മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു. അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിർത്തുനില്ക്കും. അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും. ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
ഇയ്യോബ് 20:1-29 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു: “എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു. എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു. “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ, ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്. അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും, തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും. ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു. അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല. അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും. അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും. “അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും, അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും, അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും. അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും. അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും. തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല. അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല. കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു. “അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല. അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല. അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും. അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും. ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും. അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും; അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും. ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും. പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ. ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”