ഇയ്യോബ് 20
20
സോഫർ
1അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
2“എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു
കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു.
3എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു;
എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു.
4“പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ,
ഭൂമുഖത്ത് മനുഷ്യജാതിയെ#20:4 അഥവാ, ആദാമിനെ ആക്കിയ കാലംമുതലുള്ളവതന്നെ,
5ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ;
അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.
6അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും
അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,
7തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും;
അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.
8ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ,
ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.
9അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല;
അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.
10അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും;
അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.
11അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു;
എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.
12“അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും
തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും,
13അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ
വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും,
14അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും
സർപ്പവിഷമായി അതു പരിണമിക്കും.
15അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും;
ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും.
16അവർ സർപ്പവിഷം നുണയും;
അണലിയുടെ കടിയേറ്റു മരണമടയും.
17തേനും വെണ്ണയും ഒഴുകുന്ന
നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല.
18അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു;
തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല.
19കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു;
തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
20“അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല;
തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല.
21അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല;
അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല.
22അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും;
അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും.
23അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ,
ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും
അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.
24ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം,
അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും.
25അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും,
അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും.
മരണഭീതി അവർക്കുമേൽ വന്നുവീഴും;
26അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു.
വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും,
അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും.
27ആകാശം അവരുടെ അനീതി വെളിപ്പെടുത്തും;
ഭൂമി അവർക്കെതിരേ എഴുന്നേൽക്കും.
28പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും,
ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.
29ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 20: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.