ഇയ്യോബ് 14:1-17
ഇയ്യോബ് 14:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്? അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അവന്റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിർ നീ വച്ചിരിക്കുന്നു. അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ. ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അത് ഇളംകൊമ്പുകൾ വിടാതിരിക്കയില്ല. അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധംകൊണ്ട് അതു കിളുർക്കും ഒരു തൈപോലെ തളിർവിടും. പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? സമുദ്രത്തിലെ വെള്ളം പൊയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല; നീ എന്നെ പാതാളത്തിൽ മറച്ചുവയ്ക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ വിളിക്കും; ഞാൻ നിന്നോട് ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താൽപര്യമുണ്ടാകും. ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടി വയ്ക്കുന്നില്ലയോ? എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
ഇയ്യോബ് 14:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്ത്രീയിൽനിന്നുണ്ടായ മനുഷ്യന്റെ ആയുസ്സ് ഹ്രസ്വവും ദുരിതപൂർണവും ആകുന്നു. അവൻ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു. ഒരു നിഴൽപോലെ കടന്നുപോകുന്നു. അങ്ങനെയുള്ളവന്റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്? അവനെയോ തിരുമുമ്പിൽ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്? അശുദ്ധമായതിൽനിന്നു ശുദ്ധമായത് നിർമ്മിക്കാൻ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ ദിനങ്ങൾ നിർണയിക്കപ്പെട്ടത്; അവന്റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്. അവിടുന്ന് അതിനു പരിധി നിർണയിച്ചിരിക്കുന്നു. അവന് അതു മറികടക്കാൻ കഴിയുകയില്ല. അതിനാൽ അവനിൽനിന്നു ദൃഷ്ടി പിൻവലിച്ചാലും, അവനെ വിടുക; കൂലിക്കാരനെപ്പോലെ അവൻ ആഹ്ലാദിച്ചുകൊള്ളട്ടെ. വൃക്ഷത്തിനു പ്രത്യാശയുണ്ട്; അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും. അതിനു പുതുനാമ്പുകൾ മുളച്ചുകൊണ്ടേയിരിക്കും. അതിന്റെ വേരു മണ്ണിൽ പഴകിയാലും, കുറ്റി ഉണങ്ങിപ്പോയാലും, ജലത്തിന്റെ ഗന്ധമേറ്റാൽ അതു പൊട്ടിമുളയ്ക്കും. ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കും. എന്നാൽ മനുഷ്യൻ മരിക്കുന്നു; അതോടെ അവൻ മണ്ണടിയുന്നു. അന്ത്യശ്വാസം വലിച്ചാൽ പിന്നെ അവൻ എവിടെ? തടാകജലം താണുപോകുംപോലെയും നദീജലം വറ്റി വരണ്ടുപോകുംപോലെയും മനുഷ്യൻ മരിക്കുന്നു; പിന്നീട് എഴുന്നേല്ക്കുന്നില്ല. ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുന്നില്ല; അവൻ നിദ്രവിട്ട് എഴുന്നേല്ക്കുന്നില്ല നാഥാ, അവിടുന്ന് എന്നെ പാതാളത്തിൽ മറയ്ക്കുകയും, അവിടുത്തെ ക്രോധം അടങ്ങുവോളം എന്നെ ഒളിച്ചുവയ്ക്കുകയും, അങ്ങ് നിശ്ചയിക്കുന്ന സമയത്തു വീണ്ടും എന്നെ ഓർക്കുകയും ചെയ്തെങ്കിൽ! മനുഷ്യൻ മരിച്ചാൽ ജീവിക്കുമോ? എങ്കിൽ എനിക്കു മോചനം ലഭിക്കുംവരെ, എന്റെ ജീവിത പോരാട്ടകാലമെല്ലാം, ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങ് എന്നെ വിളിക്കും; ഞാൻ വിളികേൾക്കും. അവിടുത്തെ സൃഷ്ടിയിൽ അങ്ങ് പ്രസാദിക്കും. അപ്പോൾ എന്റെ കാൽവയ്പ് ഓരോന്നും അങ്ങ് എണ്ണും; എന്റെ പാപങ്ങളെ അവിടുന്ന് അവഗണിക്കും. എന്റെ അതിക്രമങ്ങൾ അവിടുന്നു പരിഗണിക്കുകയില്ല. എന്റെ അധർമങ്ങൾ അവിടുന്നു മറയ്ക്കും.
ഇയ്യോബ് 14:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സ്ത്രീ പ്രസവിച്ച മനുഷ്യൻ, അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. “ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും. അതിന്റെ വേര് നിലത്ത് പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും ഒരു തൈപോലെ ശാഖ പുറപ്പെടും. മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല; അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്ക് മാറ്റം വരുവോളം എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു. അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; അങ്ങേയുടെ കൈവേലയോട് അങ്ങേയ്ക്കു താത്പര്യമുണ്ടാകും. ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.
ഇയ്യോബ് 14:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു? അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ. ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല. അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും. പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല; നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും. ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ? എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
ഇയ്യോബ് 14:1-17 സമകാലിക മലയാളവിവർത്തനം (MCV)
“സ്ത്രീജാതനായ മനുഷ്യന്റെ ജീവിതകാലം നൈമിഷികവും ദുരിതപൂർണവും ആയിരിക്കും. അവർ ഒരു പുഷ്പംപോലെ പൊട്ടിവിരിയുകയും വാടിക്കൊഴിയുകയും ചെയ്യുന്നു; ക്ഷണികമായ ഒരു നിഴൽപോലെ പെട്ടെന്നു മാഞ്ഞുമറയുന്നു. അങ്ങനെയുള്ള ഒരു പ്രാണിയുടെമേലാണോ അങ്ങു ദൃഷ്ടി പതിപ്പിക്കുന്നത്? എന്നെയോ അങ്ങയുടെ സന്നിധിയിൽ ന്യായവിസ്താരത്തിലേക്കു നടത്തുന്നത്? അശുദ്ധിയിൽനിന്ന് വിശുദ്ധിയെ നിർമിക്കാൻ ആർക്കു കഴിയും? ആർക്കും സാധ്യമല്ല! ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു; അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു. ഒരു തൊഴിലാളിയെപ്പോലെ തന്റെ നാളുകൾ തികയ്ക്കുംവരെ അങ്ങയുടെ കണ്ണുകൾ അയാളിൽനിന്നു മാറ്റണമേ, അയാളെ വെറുതേ വിടണമേ. “ഒരു വൃക്ഷം വെട്ടിയിട്ടാൽ അതു വീണ്ടും മുളയ്ക്കുമെന്നു പ്രത്യാശയുണ്ട്; അതിലെ പൊട്ടിച്ചിനപ്പുകൾക്കു നാശം സംഭവിക്കുകയില്ല. അതിന്റെ വേരുകൾ നിലത്തു പഴകിപ്പോയാലും അതിന്റെ കുറ്റി ഉണങ്ങിയ മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗന്ധം കിട്ടിയാൽ അതു മുളയ്ക്കും; ഒരു ചെടിപോലെ ശാഖകൾ പുറപ്പെടുവിക്കും. എന്നാൽ മനുഷ്യൻ മരിച്ചു നിലംപറ്റെ കിടക്കുന്നു; അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ പിന്നെ അവൻ എവിടെ? സമുദ്രം ഉൾവലിയുന്നതുപോലെയും നദീതടം വറ്റിവരണ്ട് ഉണങ്ങുന്നതുപോലെയും, മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല; ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുകയോ ഉറക്കംവിട്ട് എഴുന്നേൽക്കുകയോ ചെയ്യുന്നില്ല. “അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ! അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ! ഒരു മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു നവജീവൻ ലഭിക്കുന്നതുവരെ എന്റെ കഠിനാധ്വാനകാലം മുഴുവനും ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങു വിളിക്കും, ഞാൻ ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങേക്കു താത്പര്യം തോന്നുമായിരുന്നു. ഇപ്പോൾ അങ്ങ് എന്റെ കാലടികൾ എണ്ണുന്നു; എന്നാൽ എന്റെ പാപത്തിന്മേൽ ദൃഷ്ടി വെക്കുന്നതുമില്ല. എന്റെ അകൃത്യങ്ങൾ ഒരു സഞ്ചിയിലാക്കി മുദ്ര വെച്ചിരിക്കുന്നു; എന്റെ അനീതിക്കുമേൽ അങ്ങു മൂടുപടം വിരിക്കുന്നു.