JOBA 14:1-17

JOBA 14:1-17 MALCLBSI

സ്‍ത്രീയിൽനിന്നുണ്ടായ മനുഷ്യന്റെ ആയുസ്സ് ഹ്രസ്വവും ദുരിതപൂർണവും ആകുന്നു. അവൻ പൂവുപോലെ വിടരുന്നു; വാടിക്കൊഴിയുന്നു. ഒരു നിഴൽപോലെ കടന്നുപോകുന്നു. അങ്ങനെയുള്ളവന്റെ നേരെയോ അങ്ങു തൃക്കണ്ണു മിഴിക്കുന്നത്? അവനെയോ തിരുമുമ്പിൽ ന്യായവിസ്താരത്തിനു കൊണ്ടുവരുന്നത്? അശുദ്ധമായതിൽനിന്നു ശുദ്ധമായത് നിർമ്മിക്കാൻ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ ദിനങ്ങൾ നിർണയിക്കപ്പെട്ടത്; അവന്റെ മാസങ്ങളുടെ എണ്ണവും അങ്ങയുടെ പക്കലുണ്ട്. അവിടുന്ന് അതിനു പരിധി നിർണയിച്ചിരിക്കുന്നു. അവന് അതു മറികടക്കാൻ കഴിയുകയില്ല. അതിനാൽ അവനിൽനിന്നു ദൃഷ്‍ടി പിൻവലിച്ചാലും, അവനെ വിടുക; കൂലിക്കാരനെപ്പോലെ അവൻ ആഹ്ലാദിച്ചുകൊള്ളട്ടെ. വൃക്ഷത്തിനു പ്രത്യാശയുണ്ട്; അതു വെട്ടിക്കളഞ്ഞാലും വീണ്ടും പൊട്ടിക്കിളിർക്കും. അതിനു പുതുനാമ്പുകൾ മുളച്ചുകൊണ്ടേയിരിക്കും. അതിന്റെ വേരു മണ്ണിൽ പഴകിയാലും, കുറ്റി ഉണങ്ങിപ്പോയാലും, ജലത്തിന്റെ ഗന്ധമേറ്റാൽ അതു പൊട്ടിമുളയ്‍ക്കും. ഇളംചെടിപോലെ ശാഖ പുറപ്പെടുവിക്കും. എന്നാൽ മനുഷ്യൻ മരിക്കുന്നു; അതോടെ അവൻ മണ്ണടിയുന്നു. അന്ത്യശ്വാസം വലിച്ചാൽ പിന്നെ അവൻ എവിടെ? തടാകജലം താണുപോകുംപോലെയും നദീജലം വറ്റി വരണ്ടുപോകുംപോലെയും മനുഷ്യൻ മരിക്കുന്നു; പിന്നീട് എഴുന്നേല്‌ക്കുന്നില്ല. ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുന്നില്ല; അവൻ നിദ്രവിട്ട് എഴുന്നേല്‌ക്കുന്നില്ല നാഥാ, അവിടുന്ന് എന്നെ പാതാളത്തിൽ മറയ്‍ക്കുകയും, അവിടുത്തെ ക്രോധം അടങ്ങുവോളം എന്നെ ഒളിച്ചുവയ്‍ക്കുകയും, അങ്ങ് നിശ്ചയിക്കുന്ന സമയത്തു വീണ്ടും എന്നെ ഓർക്കുകയും ചെയ്തെങ്കിൽ! മനുഷ്യൻ മരിച്ചാൽ ജീവിക്കുമോ? എങ്കിൽ എനിക്കു മോചനം ലഭിക്കുംവരെ, എന്റെ ജീവിത പോരാട്ടകാലമെല്ലാം, ഞാൻ കാത്തിരിക്കുമായിരുന്നു. അങ്ങ് എന്നെ വിളിക്കും; ഞാൻ വിളികേൾക്കും. അവിടുത്തെ സൃഷ്‍ടിയിൽ അങ്ങ് പ്രസാദിക്കും. അപ്പോൾ എന്റെ കാൽവയ്പ് ഓരോന്നും അങ്ങ് എണ്ണും; എന്റെ പാപങ്ങളെ അവിടുന്ന് അവഗണിക്കും. എന്റെ അതിക്രമങ്ങൾ അവിടുന്നു പരിഗണിക്കുകയില്ല. എന്റെ അധർമങ്ങൾ അവിടുന്നു മറയ്‍ക്കും.

JOBA 14 വായിക്കുക