ന്യായാധിപന്മാർ 5:1-9

ന്യായാധിപന്മാർ 5:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ: നായകന്മാർ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവയ്ക്കു ഞാൻ പാടും; യിസ്രായേലിൻദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും. യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, എദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ. അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു. ദെബോറായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു. അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മധ്യേ പരിചയും കുന്തവും കണ്ടതേയില്ല. എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.

ന്യായാധിപന്മാർ 5:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു ദെബോരായും അബീനോവാമിന്റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി. “നായകന്മാർ ഇസ്രായേലിനെ നയിച്ചതിൽ ജനം സ്വമേധയാ തങ്ങളെ സമർപ്പിച്ചതിൽ സർവേശ്വരനെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾക്കുവിൻ; പ്രഭുക്കന്മാരേ, ചെവിക്കൊൾവിൻ; സർവേശ്വരനു ഞാൻ കീർത്തനം പാടും; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ഞാൻ പാടി പുകഴ്ത്തും. സർവേശ്വരാ! അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ, ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങൾ ജലം വർഷിച്ചു. അവിടുത്തെ സന്നിധിയിൽ ഇസ്രായേലിൻ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ പർവതങ്ങൾ നടുങ്ങി; സീനായ്പർവതം കുലുങ്ങി അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്; യായേലിന്റെ നാളുകളിൽ, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാർ ഊടുവഴികൾ തേടി. കൃഷീവലർ ഇല്ലാതെയായി; ദെബോരാ എഴുന്നേല്‌ക്കും വരെ, ഇസ്രായേലിന്റെ മാതാവായി എഴുന്നേല്‌ക്കും വരെ. പുതിയ ദേവന്മാരെ അവർ സ്വീകരിച്ചപ്പോൾ യുദ്ധം നഗരവാതില്‌ക്കൽ എത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയിൽ പരിചയോ, കുന്തമോ കണ്ടതേയില്ല. എന്റെ ഹൃദയം ഇസ്രായേൽ സേനാനായകന്മാരിലേക്കു തിരിയുന്നു; സ്വമേധയാ തങ്ങളെ സമർപ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു; സർവേശ്വരനെ വാഴ്ത്തുവിൻ.

ന്യായാധിപന്മാർ 5:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അന്ന് ദെബോരായും അബീനോവാമിന്‍റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ: “യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. “രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും. യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ. “അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. വഴിപോക്കർ ചെറു വഴികളിൽ നടന്നു. ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്‍ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്‍റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല. എന്‍റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ യിസ്രായേൽനായകന്മാരോട് ചേരുന്നു; യഹോവയെ വാഴ്ത്തുവിൻ.

ന്യായാധിപന്മാർ 5:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ: നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും. യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ. അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു. ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല. എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.

ന്യായാധിപന്മാർ 5:1-9 സമകാലിക മലയാളവിവർത്തനം (MCV)

അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു: “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും ജനം സ്വയം സമർപ്പിച്ചതിനും യഹോവയെ വാഴ്ത്തുക! “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും. “യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ, ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു. മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ. “അനാത്തിൻ പുത്രൻ ശംഗരിൻനാളിലും യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു. ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി. യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ പരിചയും കുന്തവും കണ്ടതേയില്ല. എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു. യഹോവയെ വാഴ്ത്തുക!