ന്യായാധിപന്മാർ 4:17-21

ന്യായാധിപന്മാർ 4:17-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ സീസെര കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർരാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു. യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി. അവൻ അവളോട്: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു. അവൾ പാൽതുരുത്തി തുറന്ന് അവനു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി. അവൻ അവളോട്: നീ കൂടാരവാതിൽക്കൽ നില്ക്ക; വല്ലവനും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു. എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കൈയിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറച്ചു; അതു നിലത്തുചെന്ന് ഉറച്ചു; അവനു ഗാഢനിദ്രയായിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.

ന്യായാധിപന്മാർ 4:17-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സീസെര കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. കാരണം ഹാസോർരാജാവായ യാബീനും കേന്യനായ ഹേബെരിന്റെ കുടുംബവും മൈത്രിയിലായിരുന്നു. സീസെരയെ എതിരേറ്റുകൊണ്ട് യായേൽ പറഞ്ഞു: “ഉള്ളിലേക്കു കയറിവരിക; പ്രഭോ, എന്റെ കൂടാരത്തിലേക്കു കയറിവരിക. ഒന്നും ഭയപ്പെടേണ്ട.” അയാൾ അവളുടെ കൂടാരത്തിൽ പ്രവേശിച്ചു; അവൾ അയാളെ കട്ടിയുള്ള ഒരു പുതപ്പുകൊണ്ടു മൂടി. അയാൾ അവളോട്: “അല്പം വെള്ളം തന്നാലും, എനിക്ക് അതിയായ ദാഹമുണ്ട് എന്നു പറഞ്ഞു. അവൾ അയാൾക്കു തോൽക്കുടത്തിൽനിന്നു പാൽ പകർന്നുകൊടുത്തു. വീണ്ടും അയാളെ പുതപ്പിച്ചു. സീസെര അവളോടു പറഞ്ഞു: “നീ കൂടാരവാതില്‌ക്കൽത്തന്നെ നില്‌ക്കുക; ആരെങ്കിലും വന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു മറുപടി പറയണം.” ക്ഷീണാധിക്യത്താൽ സീസെര ഗാഢനിദ്രയിലായി. അപ്പോൾ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയും ചുറ്റികയും കൈയിലെടുത്ത് നിശ്ശബ്ദയായി അയാളുടെ അടുക്കൽ ചെന്നു കുറ്റി അയാളുടെ ചെന്നിയിൽ അടിച്ചുകയറ്റി. അതു മറുപുറം ചെന്നു തറയിൽ ഉറച്ചു; അങ്ങനെ സീസെര മരിച്ചു.

ന്യായാധിപന്മാർ 4:17-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ കേന്യനായ ഹേബെരിന്‍റെ കുടുംബവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നതിനാൽ സീസെര കാൽനടയായി ഹേബെരിന്‍റെ ഭാര്യ യായേലിന്‍റെ കൂടാരത്തിലേക്ക് ഓടിച്ചെന്നു യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: “ഇങ്ങോട്ട് കയറിക്കൊൾക, യജമാനനേ, ഭയപ്പെടാതെ ഇങ്ങോട്ട് കയറിക്കൊൾക” എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പുതപ്പുകൊണ്ട് മൂടി. അവൻ അവളോട്: “എനിക്ക് ദാഹിക്കുന്നു; കുടിക്കുവാൻ കുറെ വെള്ളം തരേണമേ” എന്നു പറഞ്ഞു. അവൾ പാൽ പാത്രം തുറന്ന് അവന് കുടിക്കുവാൻ കൊടുത്തു; പിന്നെയും അവനെ മൂടി. അവൻ അവളോട്: “നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവരും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നു പറയേണം” എന്നു പറഞ്ഞു. എന്നാൽ ഹേബെരിന്‍റെ ഭാര്യ യായേൽ, കൂടാരത്തിന്‍റെ ഒരു കുറ്റി എടുത്ത് കയ്യിൽ ചുറ്റികയും പിടിച്ച് പതുക്കെ അവന്‍റെ അടുക്കൽ ചെന്നു, കുറ്റി അവന്‍റെ ചെന്നിയിൽ തറെച്ചു; അത് നിലത്തുചെന്ന് ഉറച്ചു. അവൻ ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു; അങ്ങനെ അവൻ മരിച്ചുപോയി.

ന്യായാധിപന്മാർ 4:17-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ സീസെരാ കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർ രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു. യായേൽ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി. അവൻ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവൾ പാൽതുരുത്തി തുറന്നു അവന്നു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി. അവൻ അവളോടു: നീ കൂടാരവാതിൽക്കൽ നിൽക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു. എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറെച്ചു; അതു നിലത്തുചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.

ന്യായാധിപന്മാർ 4:17-21 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു. യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി. “എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി. സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.” എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.