യെശയ്യാവ് 40:12-20 - Compare All Versions

യെശയ്യാവ് 40:12-20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

തന്റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന് അവൻ ആരോടാകുന്നു ആലോചന കഴിച്ചത്? ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവനു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽത്തരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിനു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.

പങ്ക് വെക്കു
യെശയ്യാവ് 40 MALOVBSI

യെശയ്യാവ് 40:12-20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മഹാസമുദ്രത്തെ കൈക്കുമ്പിളിൽ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവൻ നാഴിയിൽ ഒതുക്കുകയും പർവതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്? സർവേശ്വരനു മാർഗനിർദേശം നല്‌കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്‌കും? ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സർവേശ്വരനു നീതിയുടെ മാർഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ആരുണ്ട്? ജനതകൾ സർവേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവർ തുലാസിൽ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേർത്ത പൊടിപോലെ എടുക്കുന്നു. ലെബാനോനിലെ വൃക്ഷങ്ങൾ വിറകിനും അതിലെ മൃഗങ്ങൾ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല. എല്ലാ ജനതകളും കൂടിയാലും തിരുമുമ്പിൽ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു. ഏതൊന്നിനോടു നിങ്ങൾ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കിൽ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാർക്കുന്നു. തട്ടാൻ അതിന്മേൽ സ്വർണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിർമിക്കുന്നു. അതിനു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അർച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിർമിച്ചു സ്ഥാപിക്കാൻ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു.

പങ്ക് വെക്കു
യെശയ്യാവ് 40 MALCLBSI

യെശയ്യാവ് 40:12-20 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു? ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിനു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു.

പങ്ക് വെക്കു
യെശയ്യാവ് 40 IRVMAL

യെശയ്യാവ് 40:12-20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു? ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല. സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.

യെശയ്യാവ് 40:12-20 MCV (സമകാലിക മലയാളവിവർത്തനം)

മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും പർവതങ്ങളെ ത്രാസുകൊണ്ടും മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ? യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ? അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്? ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും തുലാസിലെ പൊടിപോലെയും അവിടത്തേക്ക് തോന്നുന്നു; ഇതാ, ദ്വീപുകളെ ഒരു മണൽത്തരിപോലെ അവിടന്ന് ഉയർത്തുന്നു. ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു തികയുകയോ ഇല്ല. സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത; അവ അവിടത്തേക്ക് നിസ്സാരവും നിരർഥകവും. അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും? ഏതു രൂപത്തോടാണ് നിങ്ങൾ ദൈവത്തെ ഉപമിക്കുന്നത്? വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു, സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു, അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു. ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു; അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു.

പങ്ക് വെക്കു
യെശയ്യാവ് 40 MCV