ISAIA 40:12-20
ISAIA 40:12-20 MALCLBSI
മഹാസമുദ്രത്തെ കൈക്കുമ്പിളിൽ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവൻ നാഴിയിൽ ഒതുക്കുകയും പർവതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്? സർവേശ്വരനു മാർഗനിർദേശം നല്‌കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്‌കും? ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സർവേശ്വരനു നീതിയുടെ മാർഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ആരുണ്ട്? ജനതകൾ സർവേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവർ തുലാസിൽ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേർത്ത പൊടിപോലെ എടുക്കുന്നു. ലെബാനോനിലെ വൃക്ഷങ്ങൾ വിറകിനും അതിലെ മൃഗങ്ങൾ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല. എല്ലാ ജനതകളും കൂടിയാലും തിരുമുമ്പിൽ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു. ഏതൊന്നിനോടു നിങ്ങൾ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കിൽ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാർക്കുന്നു. തട്ടാൻ അതിന്മേൽ സ്വർണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിർമിക്കുന്നു. അതിനു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അർച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിർമിച്ചു സ്ഥാപിക്കാൻ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു.

