യെശയ്യാവ് 27:7-13

യെശയ്യാവ് 27:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവനെ അടിച്ചവരെ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചത്? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നത്? അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കൻകാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു. ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവർന്നുനില്ക്കയില്ല. ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകളെ തിന്നുകളയും. അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ട് അവരെ നിർമിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനഞ്ഞവൻ അവർക്കു കൃപ കാണിക്കയുമില്ല. അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ നമസ്കരിക്കും.

യെശയ്യാവ് 27:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിനെ പ്രഹരിച്ചവരെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേലിനെ സംഹരിച്ചവരെ സംഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ സംഹരിച്ചിട്ടുണ്ടോ? സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു. ഇങ്ങനെ ഇസ്രായേലിന്റെ അകൃത്യത്തിനു പരിഹാരമുണ്ടാകും. ഇതായിരിക്കും പാപപരിഹാരത്തിന്റെ പരിണാമം; യാഗപീഠങ്ങളുടെ കല്ലുകൾ ചുണ്ണാമ്പുകല്ലുപോലെ തകർത്തുപൊടിക്കും; അശേരാപ്രതിഷ്ഠകളോ ധൂപപീഠങ്ങളോ അവശേഷിക്കുകയില്ല. സുരക്ഷിതമായ പട്ടണം ആളൊഴിഞ്ഞിരിക്കും. ജനനിബിഡമായ സ്ഥലം മരുഭൂമിപോലെ വിജനവും ശൂന്യവും ആയിത്തീരും. അവിടെ കന്നുകാലി മേഞ്ഞു നടക്കും; അവ ചില്ലകൾ കാർന്നുതിന്ന് അവിടെ വിശ്രമിക്കും. അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല. അന്നു യൂഫ്രട്ടീസ് നദിമുതൽ ഈജിപ്തിന്റെ അതിർത്തിയിലുള്ള തോടുവരെ സർവേശ്വരൻ കറ്റ മെതിച്ചു ധാന്യം ശേഖരിക്കും. ഇസ്രായേലേ, നിങ്ങളെ ഓരോരുത്തരായി അവിടുന്ന് ഒരുമിച്ചുകൂട്ടും. അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായിൽ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപർവതത്തിൽ വന്നു സർവേശ്വരനെ ആരാധിക്കും.

യെശയ്യാവ് 27:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്? ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു. ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്‍ക്കുകയില്ല. ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും. അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല. ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.

യെശയ്യാവ് 27:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നതു? അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു. ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്ക്കയില്ല. ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും. അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിർമ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്കു കൃപ കാണിക്കയുമില്ല. അന്നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.

യെശയ്യാവ് 27:7-13 സമകാലിക മലയാളവിവർത്തനം (MCV)

അവളെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ യഹോവ അവളെ അടിച്ചത്? അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ അവൾ വധിക്കപ്പെട്ടത്? യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു: കിഴക്കൻകാറ്റിന്റെ ദിവസത്തിൽ തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി. ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും, അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു: യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന് തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നിവർന്നുനിൽക്കുകയില്ല. കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, അവിടെ അവ കിടക്കുകയും ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും. അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും, സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും. കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ; അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല, അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല. അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും. ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.