ISAIA 27:7-13

ISAIA 27:7-13 MALCLBSI

ഇസ്രായേലിനെ പ്രഹരിച്ചവരെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേലിനെ സംഹരിച്ചവരെ സംഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ സംഹരിച്ചിട്ടുണ്ടോ? സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു. ഇങ്ങനെ ഇസ്രായേലിന്റെ അകൃത്യത്തിനു പരിഹാരമുണ്ടാകും. ഇതായിരിക്കും പാപപരിഹാരത്തിന്റെ പരിണാമം; യാഗപീഠങ്ങളുടെ കല്ലുകൾ ചുണ്ണാമ്പുകല്ലുപോലെ തകർത്തുപൊടിക്കും; അശേരാപ്രതിഷ്ഠകളോ ധൂപപീഠങ്ങളോ അവശേഷിക്കുകയില്ല. സുരക്ഷിതമായ പട്ടണം ആളൊഴിഞ്ഞിരിക്കും. ജനനിബിഡമായ സ്ഥലം മരുഭൂമിപോലെ വിജനവും ശൂന്യവും ആയിത്തീരും. അവിടെ കന്നുകാലി മേഞ്ഞു നടക്കും; അവ ചില്ലകൾ കാർന്നുതിന്ന് അവിടെ വിശ്രമിക്കും. അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല. അന്നു യൂഫ്രട്ടീസ് നദിമുതൽ ഈജിപ്തിന്റെ അതിർത്തിയിലുള്ള തോടുവരെ സർവേശ്വരൻ കറ്റ മെതിച്ചു ധാന്യം ശേഖരിക്കും. ഇസ്രായേലേ, നിങ്ങളെ ഓരോരുത്തരായി അവിടുന്ന് ഒരുമിച്ചുകൂട്ടും. അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായിൽ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപർവതത്തിൽ വന്നു സർവേശ്വരനെ ആരാധിക്കും.

ISAIA 27 വായിക്കുക