ഹോശേയ 14:1-9
ഹോശേയ 14:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നത്. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും. അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും. ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻവനംപോലെ വേരൂന്നും. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോൻറേതുപോലെയും ഇരിക്കും. അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിൻറേതുപോലെ ഇരിക്കും. എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്ത്? ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴച്ചിരിക്കുന്ന സരളവൃക്ഷംപോലെയാകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും. ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇത് അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
ഹോശേയ 14:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ. അനുതാപവാക്കുകളോടെ സർവേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളിൽ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാൻ സാധ്യമല്ല. പടക്കുതിരകൾ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിർമിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക. ഞാൻ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാൻ അവരെ അതിരറ്റു സ്നേഹിക്കും. ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവൻ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവൻ പടർന്നു പന്തലിക്കും. ഒലിവുമരത്തിന്റെ സൗന്ദര്യവും ലെബാനോന്റെ പരിമളവും അവനുണ്ടായിരിക്കും. അവൻ തിരിച്ചുവന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവൻ പൂത്തുലയും. മുന്തിരിപോലെ തളിർക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും. ഇസ്രായേൽജനമേ, ഇനി നിങ്ങൾക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാൻ, ഞാനാണു നിനക്കു ഫലം നല്‌കുന്നത്. ജ്ഞാനമുള്ളവൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവൻ ഇവ മനസ്സിലാക്കട്ടെ. സർവേശ്വരന്റെ വഴികൾ ശരിയായുള്ളവയാകുന്നു. നീതിമാന്മാർ അവയിലൂടെ ചരിക്കുന്നു. പാപികൾ അവയിൽ ഇടറിവീഴുന്നു.
ഹോശേയ 14:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; നിന്‍റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും. അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” എന്നു പറയുവിൻ. “ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും. ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്ത് ലെബാനോൻ വനം പോലെ വേരൂന്നും. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്‍റെ ഭംഗിപോലെയും അവന്‍റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും. ജനം അവന്‍റെ നിഴലിൽ വീണ്ടും പാര്‍ക്കും. പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയും മുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും. “എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം? ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എന്നിൽ നീ ഫലം കണ്ടെത്തും.” ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍? ഇത് അറിയുവാൻ തക്ക വിവേകി ആര്‍? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
ഹോശേയ 14:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും. ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും. അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും. എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും. ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
ഹോശേയ 14:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്! അനുതാപവാക്യങ്ങളുമായി യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. യഹോവയോടു പറയുക: “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ. അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, ‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ. “ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും, എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ. ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും; അവൻ ശോശന്നപ്പുഷ്പംപോലെ പുഷ്പിക്കും. ലെബാനോനിലെ ദേവദാരുപോലെ അവൻ ആഴത്തിൽ വേരൂന്നും; അവന്റെ ഇളംകൊമ്പുകൾ വളരും. അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും. അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും; അവർ ധാന്യംപോലെ തഴയ്ക്കും, അവർ മുന്തിരിവള്ളിപോലെ തളിർക്കും— ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും. എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്? ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും. ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു; നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.” ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ. ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ. യഹോവയുടെ വഴികൾ നേരുള്ളവതന്നെ; നീതിനിഷ്ഠർ അതിൽ നടക്കും മത്സരികളോ, അതിൽ ഇടറിവീഴും.