എബ്രായർ 7:18-27

എബ്രായർ 7:18-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും- ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ. ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു. മരണം നിമിത്തം അവർക്ക് നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.

പങ്ക് വെക്കു
എബ്രായർ 7 വായിക്കുക

എബ്രായർ 7:18-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പഴയ കല്പന ദുർബലവും പ്രയോജനരഹിതവുമാകയാൽ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂർണമാക്കുന്നില്ലല്ലോ. അതിനെക്കാൾ മികച്ച പ്രത്യാശ ഇപ്പോൾ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതിൽകൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശപഥം കൂടാതെയാണല്ലോ മറ്റുള്ളവർ പുരോഹിതന്മാരായിത്തീർന്നത്. എന്നാൽ യേശു പുരോഹിതനായപ്പോൾ ദൈവം അവിടുത്തോട് ഇപ്രകാരം പറഞ്ഞു: സർവേശ്വരൻ ശപഥം ചെയ്തിട്ടുണ്ട്; അതിൽനിന്ന് അവിടുന്നു മാറുകയില്ല; ‘നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.’ ഇങ്ങനെ യേശു ഒരു മികച്ച ഉടമ്പടിയുടെ ഉറപ്പായിത്തീർന്നിരിക്കുന്നു. മുമ്പ് നിരവധി പുരോഹിതന്മാർ ഉണ്ടായിട്ടുണ്ട്; അവരുടെ മരണത്തോടുകൂടി തങ്ങളുടെ പൗരോഹിത്യവും അവസാനിക്കുന്നു. എന്നാൽ യേശു എന്നേക്കും ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം ശാശ്വതമാണ്. അതുകൊണ്ട് തന്നിൽകൂടി ദൈവത്തിന്റെ അടുക്കൽ വരുന്നവരെ എപ്പോഴും രക്ഷിക്കുവാൻ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാൽ അവർക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ മധ്യസ്ഥത വഹിക്കുവാൻ അവിടുന്ന് എന്നേക്കും ജിവിക്കുന്നു. ഇങ്ങനെയുള്ള ഒരു മഹാപുരോഹിതൻ നമുക്ക് ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. അവിടുന്നു നിർമ്മലനും നിർദോഷനും നിഷ്കളങ്കനും പാപികളിൽനിന്നു വേർതിരിക്കപ്പെവനുമാണ്. അവിടുന്ന് സ്വർഗങ്ങൾക്കുമീതെ ഉയർത്തപ്പെട്ടിരിക്കുന്നു. മറ്റുള്ള മഹാപുരോഹിതന്മാരെപ്പോലെ, ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നീടു മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടിയും എന്നും ബലിയർപ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. ഒരിക്കൽ മാത്രമേ അവിടുന്നു ബലി അർപ്പിച്ചിട്ടുള്ളൂ; അത് തന്റെ ജീവൻ അർപ്പിച്ചുകൊണ്ടുള്ള ബലിയായിരുന്നു.

പങ്ക് വെക്കു
എബ്രായർ 7 വായിക്കുക

എബ്രായർ 7:18-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മുൻ കാലങ്ങളിലെ കല്പനകൾ, അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം മാറ്റമുണ്ടായി. ന്യായപ്രമാണം ഒന്നിനേയും പൂർത്തീകരിച്ചിട്ടില്ലല്ലോ — എന്നിരുന്നാലും നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയും വന്നിരിക്കുന്നു. ഈ നല്ല പ്രത്യാശ ആണയോടുകൂടെ അത്രേ സംഭവിച്ചത്, എന്നാൽ മറ്റുള്ളവരോ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ദൈവം: ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു സത്യംചെയ്തു, അനുതപിക്കുകയുമില്ല” എന്നു ആണയോടുകൂടെ തന്നെ യേശുവിനെക്കുറിച്ച് പറയുന്നു. ഇത് കൊണ്ടു തന്നെ യേശു ഈ ശ്രേഷ്ഠ ഉടമ്പടിയുടെ ഉറപ്പുമായിതീർന്നിരിക്കുന്നു. വാസ്തവമായും മരണം തടയുന്നത് നിമിത്തം പുരോഹിതന്മാർക്ക് നിത്യമായി ശുശ്രൂഷ തുടരുവാൻ കഴിയായ്കകൊണ്ട് പുരോഹിതന്മാർ ഓരോരുത്തരായി ശുശ്രൂഷതുടർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പരിപൂർണ്ണമായി രക്ഷിക്കാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വാസ്തവമായും വേണ്ടിയിരുന്നത്: പാപമില്ലാത്തവൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; മുൻപുള്ള മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്‍റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം അർപ്പിക്കുവാൻ ആവശ്യമില്ലാത്തവൻതന്നെ. അത് അവൻ ഒരിക്കൽ എല്ലാവർക്കുമായി തന്നെത്താൻ യാഗം അർപ്പിച്ചുകൊണ്ട് ചെയ്തുതീർത്തുവല്ലോ.

പങ്ക് വെക്കു
എബ്രായർ 7 വായിക്കുക

എബ്രായർ 7:18-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ. ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു. മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.

പങ്ക് വെക്കു
എബ്രായർ 7 വായിക്കുക

എബ്രായർ 7:18-27 സമകാലിക മലയാളവിവർത്തനം (MCV)

ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല. മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല! “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു. പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു. പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ.

പങ്ക് വെക്കു
എബ്രായർ 7 വായിക്കുക