എബ്രായർ 7:18-27

എബ്രായർ 7:18-27 MCV

ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല. മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല! “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു. പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്. തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു. പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ.