ഉൽപത്തി 47:13-31

ഉൽപത്തി 47:13-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി. മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണമൊക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതായപ്പോൾ മിസ്രയീമ്യരൊക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി എന്നു പറഞ്ഞു. അതിനു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്ത് അവരെ രക്ഷിച്ചു. ആ ആണ്ടു കഴിഞ്ഞ് പിറ്റേ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനനു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടെ ഇരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരേണം. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലമൊക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോനായി. ജനങ്ങളെയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. യോസേഫ് ജനങ്ങളോട്: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊൾവിൻ. വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിനു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന് അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു വച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോനു ചേർന്നിട്ടില്ല. യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്‍ടിയുള്ളവരായി പെരുകിവന്നു. യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്ന് എടുത്തു കൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്ന് അവൻ പറഞ്ഞു. എന്നോടു സത്യം ചെയ്ക എന്ന് അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:13-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്ഷാമം അതിരൂക്ഷമായി തീർന്നതുകൊണ്ട് ദേശത്തൊരിടത്തും ഭക്ഷണപദാർഥങ്ങൾ ലഭ്യമല്ലാതെയായി. ഈജിപ്തും കനാൻദേശവും ക്ഷാമം നിമിത്തം വലഞ്ഞു. ധാന്യം വാങ്ങാൻ ഈജിപ്തിലെയും കനാനിലെയും ആളുകൾ തങ്ങളുടെ പണം മുഴുവൻ ചെലവിട്ടു. യോസേഫ് ഈ പണമെല്ലാം സംഭരിച്ച് ഫറവോയുടെ കൊട്ടാരത്തിൽ ഏല്പിച്ചു. കനാൻദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നപ്പോൾ ഈജിപ്തുകാർ യോസേഫിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പിൽവച്ചുതന്നെ ഞങ്ങൾ മരിക്കാൻ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നുപോയി.” യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണമെല്ലാം തീർന്നുപോയെങ്കിൽ നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക; അവയ്‍ക്കു പകരമായി ഞാൻ നിങ്ങൾക്കു ധാന്യം നല്‌കാം.” അവർ അവരുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടുമാടുകൾ, കഴുത എന്നിവയ്‍ക്കു പകരം യോസേഫ് അവർക്കു ഭക്ഷണസാധനങ്ങൾ നല്‌കി. ആ വർഷം മുഴുവൻ അങ്ങനെ തുടർന്നു. അടുത്ത വർഷം ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഞങ്ങളുടെ പണമെല്ലാം തീർന്നു. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടെ വകയായിക്കഴിഞ്ഞു. ഞങ്ങളുടെ ശരീരങ്ങളും നിലവുമല്ലാതെ അങ്ങേക്കു തരാൻ ഇനി ഒന്നും ശേഷിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും അങ്ങയിൽനിന്നു ഞങ്ങൾ മറച്ചുവയ്‍ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കൺമുമ്പിൽവച്ചുതന്നെ നശിക്കുന്നതെന്തിന്? ഞങ്ങളുടെ നിലം വിലയ്‍ക്കെടുത്തു ഞങ്ങൾക്ക് ആഹാരം നല്‌കിയാലും. അതോടൊപ്പം ഞങ്ങൾ അങ്ങയുടെ അടിമകളായിരുന്നുകൊള്ളാം. ഞങ്ങൾക്കു വിത്തു തരിക; അങ്ങനെ നിലം ശൂന്യമാകാതെയും ഞങ്ങൾ നശിക്കാതെയും ഇരിക്കട്ടെ. ഈജിപ്തിലെ നിലം മുഴുവൻ യോസേഫ് ഫറവോയുടെ പേരിൽ വാങ്ങി. ക്ഷാമം അതികഠിനമായിരുന്നതിനാൽ ഈജിപ്തുകാരെല്ലാം തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലം മുഴുവൻ ഫറവോയുടേതായിത്തീർന്നു. ഈജിപ്തിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ജനങ്ങളെയെല്ലാം അടിമകളാക്കുകയും ചെയ്തു. പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്‍ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവർക്കു നിശ്ചിത വിഹിതം നല്‌കിയിരുന്നതിനാൽ നിലം അവർക്കു വിൽക്കേണ്ടിവന്നില്ല. യോസേഫ് ജനങ്ങളോടു പറഞ്ഞു: “നിങ്ങളെ നിങ്ങളുടെ നിലങ്ങളോടൊപ്പം രാജാവിനുവേണ്ടി ഞാൻ വാങ്ങിയിരിക്കുകയാണ്. ഇതാ, വിതയ്‍ക്കുന്നതിനുള്ള വിത്ത്; നിങ്ങൾ കൊണ്ടുപോയി വിതച്ചു കൃഷി ചെയ്യണം. കൊയ്ത്തുകാലത്തു വിളവിന്റെ അഞ്ചിലൊരു ഭാഗം രാജാവിനു നല്‌കണം. ശേഷമുള്ളതു നിങ്ങളുടേതായിരിക്കും. അതു വിത്തിനായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആഹാരത്തിനായും എടുത്തുകൊള്ളുക.” അവർ പറഞ്ഞു: “ഞങ്ങളുടെ ജീവൻ അങ്ങു രക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.” ഇതനുസരിച്ച് യോസേഫ് ഈജിപ്തിൽ ഒരു ഭൂനിയമം ഉണ്ടാക്കി. വിളവിന്റെ അഞ്ചിലൊരു ഭാഗം ഫറവോയുടേതായിരിക്കും എന്നതായിരുന്നു ആ നിയമം. അത് ഇന്നും നിലവിലിരിക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോയുടേതായില്ല. ഈജിപ്തിൽ ഗോശെൻദേശത്ത് ഇസ്രായേല്യർ പാർത്തു; ആ സ്ഥലത്തിന്റെ കൈവശാവകാശം അവർക്കു ലഭിച്ചു; അവർക്ക് അവിടെ സന്താനസമൃദ്ധിയും സമ്പദ്സമൃദ്ധിയും ഉണ്ടായി. യാക്കോബ് അവിടെ പതിനേഴു വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തേഴു വർഷമായിരുന്നു. മരണസമയം അടുത്തപ്പോൾ യാക്കോബു യോസേഫിനെ വിളിച്ചു പറഞ്ഞു: “നിനക്ക് എന്നോടു പ്രീതി ഉണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽവച്ച് എന്നോടു ദയയും വിശ്വസ്തതയും പുലർത്തുമെന്നു സത്യം ചെയ്യുക. എന്നെ ഈജിപ്തിൽ സംസ്കരിക്കരുത്. ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കട്ടെ. എന്നെ ഈജിപ്തിൽനിന്നു കൊണ്ടുപോയി അവരെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണം.” “അങ്ങു പറഞ്ഞതുപോലെ ഞാൻ ചെയ്തുകൊള്ളാം” എന്നു യോസേഫ് പറഞ്ഞു. “എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോൾ യാക്കോബു കട്ടിലിന്റെ തലയ്‍ക്കൽ ശിരസ്സു കുനിച്ചു.

ഉൽപത്തി 47:13-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ട് ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; യോസേഫ് പണം ഫറവോന്‍റെ അരമനയിൽ കൊണ്ടുവന്നു. മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്‍റെ അടുക്കൽ ചെന്നു: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്‍റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു. അതിന് യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്‍റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു. ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനൻ്റേതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്‍റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളത് യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും നിന്‍റെ കണ്ണിന് മുമ്പിൽ എന്തിന് നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരേണം.” അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെട്ടതുകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോൻ്റേതായി. ജനങ്ങളെയോ അവൻ മിസ്രയീംദേശത്തിൻ്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്ക് അടിമാകളാക്കി മാറ്റി പാർപ്പിച്ചു. പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്ക് കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ അവരുടെ നിലം വിറ്റില്ല. യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്ന് നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്ളുവിൻ. വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു. അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന് ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു. അഞ്ചിലൊന്നു ഫറവോനു കൊടുക്കേണം എന്നിങ്ങനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു വച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്‍റെതായിട്ടില്ല. യിസ്രായേൽ മിസ്രയീംദേശത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താന പുഷ്ടിയുള്ളവരായി പെരുകിവന്നു. യാക്കോബ് മിസ്രയീമിൽ വന്നശേഷം പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്‍റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു. മരണത്തിനുള്ള കാലം അടുത്തപ്പോൾ യാക്കോബ് തന്‍റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്കു എന്നോട് കൃപയുണ്ടെങ്കിൽ നിന്‍റെ കൈ എന്‍റെ തുടയിൻകീഴിൽ വെക്കുക; എന്നോട് ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽ നിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ സംസ്കരിക്കേണം” എന്നു പറഞ്ഞു. ”അങ്ങേയുടെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്നു യോസേഫ് പറഞ്ഞു. “എന്നോട് സത്യം ചെയ്ക” എന്നു യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യംചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിൻ്റെ തലയ്ക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:13-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു. അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു. ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി. ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ. വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല. യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു. യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു. എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:13-31 സമകാലിക മലയാളവിവർത്തനം (MCV)

ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു. ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു. “എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു. അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല. ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.” യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു. അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി. എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്. യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ. എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.” “അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.” വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു. ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു. യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു. ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്; പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു. “എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.