ഉൽപ്പത്തി 47:13-31

ഉൽപ്പത്തി 47:13-31 MCV

ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു. ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു. “എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു. അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല. ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.” യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു. അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി. എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്. യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ. എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.” “അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.” വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു. ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു. യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു. ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്; പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു. “എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.

ഉൽപ്പത്തി 47:13-31 - നുള്ള വീഡിയോ