ഉൽപത്തി 45:9-20
ഉൽപത്തി 45:9-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു, ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നെ. നിനക്കും കുടുംബത്തിനും നിനക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും. ഇതാ, ഞാൻതന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ. മിസ്രയീമിൽ എനിക്കുള്ള മഹത്ത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം. അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു. അവൻ സഹോദരന്മാരെയൊക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു. യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞത്: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ, നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന് നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കുംവേണ്ടി മിസ്രയീംദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു.
ഉൽപത്തി 45:9-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്റെ മുഴുവൻ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പൻ എന്റെ അടുക്കൽ എത്തണം. അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്റെ അടുത്തുതന്നെയുള്ള ഗോശെൻ ദേശത്തു വന്നു പാർക്കണം. ക്ഷാമം ഇനിയും അഞ്ചു വർഷംകൂടി നീണ്ടുനില്‌ക്കും. എന്നാൽ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം. ഞാൻ തന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങൾക്കും എന്റെ അനുജൻ ബെന്യാമീനും ബോധ്യമായല്ലോ. ഈജിപ്തിൽ എനിക്കുള്ള പ്രതാപവും നിങ്ങൾ കണ്ട മറ്റു കാര്യങ്ങളും എന്റെ പിതാവിനോടു പറയണം. അദ്ദേഹത്തെ ഉടൻതന്നെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും വേണം.” യോസേഫ് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെന്യാമീൻ യോസേഫിന്റെ തോളിൽ തല ചായിച്ചു കരഞ്ഞു. സഹോദരന്മാരെയെല്ലാം യോസേഫ് ചുംബിച്ചു കരഞ്ഞു. പിന്നീട് അവർ അദ്ദേഹത്തോടു സംസാരിക്കാൻ തുടങ്ങി. യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്ന വാർത്ത ഫറവോയുടെ കൊട്ടാരത്തിൽ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു. ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട് അവർ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാൻദേശത്തേക്കു പോകാൻ പറയുക. പിന്നെ അവർ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്റെ അടുക്കൽ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാൻ അവർക്കു നല്‌കും. സമ്പൽസമൃദ്ധിയോടുകൂടി അവർക്ക് ഇവിടെ കഴിയാം. കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാൻ ഈജിപ്തിൽനിന്നു വാഹനങ്ങൾ കൊണ്ടുപൊയ്‍ക്കൊള്ളാൻ അവരോടു കല്പിക്കുക. അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.”
ഉൽപത്തി 45:9-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്നു അപ്പനോട് പറയേണ്ടത് എന്തെന്നാൽ: ‘അങ്ങേയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്‍റെ അടുക്കൽ വരേണം. അങ്ങേക്ക് ഗോശെൻദേശത്തു പാർക്കാം എനിക്ക് സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങേയുടെ ആടുകളും കന്നുകാലികളും അങ്ങേയ്ക്കുള്ളതൊക്കെയും തന്നെ. അങ്ങേയ്ക്കും കുടുംബത്തിനും അങ്ങേയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും.’ ”ഇതാ, ഞാൻ യോസേഫ് തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ. മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരുകയും വേണം.” അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു. അവൻ സഹോദരന്മാരെ എല്ലാവരേയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്‍റെശേഷം സഹോദരന്മാർ അവനുമായി സംസാരിക്കുവാൻ തുടങ്ങി. യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്‍റെ അരമനയിൽ എത്തി; അത് ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്‍റെ സഹോദരന്മാരോട് നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമട് കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് മിസ്രയീം ദേശത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു.“
ഉൽപത്തി 45:9-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ. നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും. ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ. മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം. അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു. അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു. യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. നിങ്ങളുടെ സാമാനങ്ങളെ കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു.
ഉൽപത്തി 45:9-20 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്. അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക. അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’ “നിങ്ങളോടു സംസാരിക്കുന്നതു വാസ്തവത്തിൽ ഞാൻതന്നെ എന്നു നിങ്ങളും എന്റെ സഹോദരനായ ബെന്യാമീനും നേരിട്ടു കാണുന്നല്ലോ! ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.” പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു. തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു. യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക. നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’ “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം. നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ”