ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്. അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക. അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’ “നിങ്ങളോടു സംസാരിക്കുന്നതു വാസ്തവത്തിൽ ഞാൻതന്നെ എന്നു നിങ്ങളും എന്റെ സഹോദരനായ ബെന്യാമീനും നേരിട്ടു കാണുന്നല്ലോ! ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.” പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു. തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു. യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക. നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’ “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം. നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ”
ഉൽപ്പത്തി 45 വായിക്കുക
കേൾക്കുക ഉൽപ്പത്തി 45
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 45:9-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ