ഉൽപത്തി 40:14-23

ഉൽപത്തി 40:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ച് എന്നെ ഈ വീട്ടിൽനിന്നും വിടുവിക്കേണമേ. എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. അർഥം നല്ലതെന്ന് അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോട്: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കുട്ട കണ്ടു. മേലത്തെ കുട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങളൊക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കുട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു. അതിനു യോസേഫ്: അതിന്റെ അർഥം ഇതാകുന്നു, മൂന്നു കുട്ട മൂന്നു ദിവസം. മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്ന് ഉത്തരം പറഞ്ഞു. മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകല ദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മധ്യേ പാനപാത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർഥം പറഞ്ഞതുപോലെ തന്നെ. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

ഉൽപത്തി 40:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിനക്കു നല്ലകാലം വരുമ്പോൾ എന്നെ മറന്നുകളയാതെ ഫറവോയോട് എന്റെ കാര്യം പറഞ്ഞ് ഈ തടവറയിൽനിന്ന് എന്നെ മോചിപ്പിക്കാൻ ദയവു കാണിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.” യോസേഫ് തുടർന്നു: “എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചു കൊണ്ടുവന്നതാണ്. തടവറയിലിടുന്നതിനു ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.” സ്വപ്നവ്യാഖ്യാനം പാനീയമേൽവിചാരകന് അനുകൂലമാണെന്നു കേട്ടപ്പോൾ പാചകമേൽവിചാരകൻ യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയിൽ മൂന്ന് അപ്പക്കുട്ടകൾ ഉണ്ടായിരുന്നു. ഏറ്റവും മുകളിലത്തെ കുട്ടയിൽ ഫറവോയ്‍ക്കുള്ള എല്ലാത്തരം അപ്പങ്ങളുമുണ്ടായിരുന്നു; എന്നാൽ എന്റെ തലയിലിരുന്ന അപ്പക്കുട്ടയിൽനിന്ന് പക്ഷികൾ അപ്പം കൊത്തിത്തിന്നുകൊണ്ടിരുന്നു.” യോസേഫ് മറുപടി പറഞ്ഞു: “ഇതാണതിന്റെ വ്യാഖ്യാനം: മൂന്നു കുട്ടകൾ മൂന്നു ദിവസങ്ങൾതന്നെ. മൂന്നു ദിവസങ്ങൾക്കുള്ളിൽ ഫറവോ നിന്നെ ശിരച്ഛേദം ചെയ്ത് ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും.” മൂന്നാം ദിവസം ഫറവോ തന്റെ ജന്മനാളിൽ ഉദ്യോഗസ്ഥന്മാർക്കെല്ലാം ഒരു വിരുന്നു നല്‌കി. അപ്പോൾ പാനീയമേൽവിചാരകനെയും പാചകമേൽവിചാരകനെയും അദ്ദേഹം പുറത്തു കൊണ്ടുവന്നു. പാനീയമേൽവിചാരകനെ അയാളുടെ പൂർവസ്ഥാനത്തു നിയമിച്ചു. അയാൾ ഫറവോയുടെ കൈയിൽ പാനപാത്രം എടുത്തുകൊടുത്തു. എന്നാൽ പാചകമേൽവിചാരകനെ തൂക്കിക്കൊന്നു. അങ്ങനെ യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചതുപോലെ സംഭവിച്ചു. എന്നാൽ പാനീയമേൽവിചാരകൻ യോസേഫിനെ ഓർത്തില്ല; അയാൾ യോസേഫിനെ മറന്നുകളഞ്ഞു.

ഉൽപത്തി 40:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ നിനക്കു നല്ലകാലം വരുമ്പോൾ എന്നെ ഓർത്തു എന്നോട് ദയചെയ്ത് ഫറവോനെ എന്‍റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കേണമേ. എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.” അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്‍റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു. ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്‍റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു. അതിന് യോസേഫ്: “അതിന്‍റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം. മൂന്നു ദിവസത്തിനകം ഫറവോൻ നിന്‍റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്‍റെ മാംസം തിന്നുകളയും” എന്നു ഉത്തരം പറഞ്ഞു. മൂന്നാംദിവസം ഫറവോന്‍റെ ജന്മദിവസത്തിൽ അവൻ തന്‍റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്‍റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു. പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്‍റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്‍റെ സ്ഥാനത്ത് ആക്കി. അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

ഉൽപത്തി 40:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ. എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന്നു ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. അർത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു. മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു. അതിന്നു യോസേഫ്: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം. മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു. മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ. എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

ഉൽപത്തി 40:14-23 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം. എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.” ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു. മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു. അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു. മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു. പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു. എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു. എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.