ഉൽപ്പത്തി 40:14-23

ഉൽപ്പത്തി 40:14-23 MCV

എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം. എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.” ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു. മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു. അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു. മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു. പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു. എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു. എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.

ഉൽപ്പത്തി 40:14-23 - നുള്ള വീഡിയോ