ഉൽപത്തി 31:17-29

ഉൽപത്തി 31:17-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്റെ കന്നുകാലികളെയൊക്കെയും താൻ സമ്പാദിച്ച സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്‍ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോട് അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദുപർവതത്തിനു നേരേ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിൻതുടർന്നു ഗിലെയാദുപർവതത്തിൽ അവനോടൊപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദുപർവതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞത്: നീ എന്നെ ഒളിച്ചു പൊയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തത് എന്ത്? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടും കൂടെ നിന്നെ അയപ്പാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്ക് ഇടതരാതിരിക്കയും ചെയ്തത് എന്ത്? ഭോഷത്തമാകുന്നു നീ ചെയ്തത്. നിങ്ങളോട് ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.

ഉൽപത്തി 31:17-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി. പദ്ദൻ-അരാമിൽവച്ചു നേടിയ ആടുമാടുകൾ, മൃഗങ്ങൾ അങ്ങനെ സർവസമ്പാദ്യങ്ങളുമായി യാക്കോബ് കനാനിൽ തന്റെ പിതാവായ ഇസ്ഹാക്കിന്റെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോൾ ലാബാൻ ആടുകളുടെ രോമം കത്രിക്കാൻ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേൽ തന്റെ പിതാവിന്റെ കുലദേവവിഗ്രഹങ്ങൾ അപഹരിച്ചു. നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല. സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകൾ ലക്ഷ്യമാക്കി അവർ നീങ്ങി. യാക്കോബ് ഒളിച്ചുപോയതിന്റെ മൂന്നാം ദിവസം ലാബാൻ വിവരമറിഞ്ഞു. അയാൾ ചാർച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടർന്നു. ഗിലെയാദ് മലകൾക്കടുത്തുവച്ച് അവർ യാക്കോബിനെ കണ്ടെത്തി. അന്നു രാത്രി ദൈവം സ്വപ്നത്തിൽ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.” ലാബാൻ യാക്കോബിന്റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്? നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കിൽ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാൻ നിങ്ങളെ യാത്ര അയയ്‍ക്കുമായിരുന്നില്ലേ? എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാൻ നീ എനിക്ക് അവസരം നല്‌കാഞ്ഞതെന്ത്? നിന്നെ ഉപദ്രവിക്കാൻ എനിക്കു കഴിയും. എന്നാൽ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്റെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രിയിൽ എന്നോടു കല്പിച്ചു.

ഉൽപത്തി 31:17-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്‍റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്‍റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്‍റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ് പർവ്വതത്തിനു നേരെ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാംദിവസം അറിവുകിട്ടി. ഉടനെ അവൻ തന്‍റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടൊപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാൻ്റെ അടുക്കൽവന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്‍റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്‍റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്. നിങ്ങളോട് ദോഷം ചെയ്യുവാൻ എന്‍റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.

ഉൽപത്തി 31:17-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിന്നു നേരെ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി. ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു. നിങ്ങളോടു ദോഷം ചെയ്‌വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.

ഉൽപത്തി 31:17-29 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യാക്കോബ് തന്റെ കുട്ടികളെയും ഭാര്യമാരെയും ഒട്ടകങ്ങളുടെ പുറത്തു കയറ്റി; തനിക്കുള്ള സകല ആടുമാടുകളും പദ്ദൻ-അരാമിൽവെച്ചു സമ്പാദിച്ച എല്ലാ വസ്തുക്കളും തനിക്കുമുമ്പേ അയച്ചു; ഇങ്ങനെ കനാൻദേശത്തു തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുക്കലേക്ക് അദ്ദേഹം യാത്രപുറപ്പെട്ടു. ലാബാൻ തന്റെ ആടുകളുടെ രോമം കത്രിക്കുന്നതിനു പോയിരുന്നപ്പോൾ റാഹേൽ അവളുടെ അപ്പന്റെ ഗൃഹബിംബങ്ങൾ മോഷ്ടിച്ചു. യാക്കോബും താൻ ഓടിപ്പോകുന്നെന്ന് അരാമ്യനായ ലാബാനോട് അറിയിക്കാതിരുന്നതു നിമിത്തം അദ്ദേഹത്തെ കബളിപ്പിച്ചാണു പോയത്. അങ്ങനെ തനിക്കുള്ള സകലവുമായി യാക്കോബ് ഓടിപ്പോയി; അദ്ദേഹം യൂഫ്രട്ടീസ് നദികടന്ന് ഗിലെയാദ് പർവതം ലക്ഷ്യമാക്കി യാത്രതുടർന്നു. യാക്കോബ് ഓടിപ്പോയി എന്നു മൂന്നാംദിവസം ലാബാന് അറിവുലഭിച്ചു. അദ്ദേഹം തന്റെ ബന്ധുക്കളെക്കൂട്ടി ഏഴുദിവസം യാക്കോബിനെ പിൻതുടർന്നു; ഗിലെയാദിലെ മലമ്പ്രദേശത്തുവെച്ച് യാക്കോബിനൊപ്പമെത്തി. എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു. ലാബാൻ തന്റെ മുന്നിൽ കയറിയ സമയം യാക്കോബ് ഗിലെയാദിലെ മലമ്പ്രദേശത്തു കൂടാരം അടിച്ചിരുന്നു. ലാബാനും തന്റെ ബന്ധുക്കളോടൊപ്പം ഗിലെയാദ് പർവതത്തിൽ കൂടാരം അടിച്ചു. പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണു ചെയ്തത്? എന്നെ കബളിപ്പിച്ച് എന്റെ പെൺമക്കളെ യുദ്ധത്തടവുകാരെപ്പോലെ കൊണ്ടുപോന്നിരിക്കുന്നു! എന്തിനാണ് ഒളിച്ചോടുകയും എന്നെ വഞ്ചിക്കുകയും ചെയ്തത്? എന്നോടു നീ പറയാതിരുന്നതെന്ത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തംബുരു, കിന്നരം എന്നിവയുടെ സംഗീതത്തോടുകൂടി സന്തോഷത്തോടെ യാത്രയയയ്ക്കുമായിരുന്നു? എന്റെ കൊച്ചുമക്കളെയും പെൺമക്കളെയും ചുംബിച്ചു യാത്രയയയ്ക്കാനുള്ള അവസരംപോലും നീ എനിക്കു തന്നില്ല. നീ ചെയ്തത് ഭോഷത്തമാണ്. നിനക്കു ദോഷം ചെയ്യാൻ എനിക്കു ശക്തിയുണ്ട്; എന്നാൽ, കഴിഞ്ഞരാത്രിയിൽ നിന്റെ അപ്പന്റെ ദൈവം ‘യാക്കോബിനോടു ഗുണമോ ദോഷമോ ഒന്നും പറയാതിരിക്കാൻ സൂക്ഷിക്കുക’ എന്ന് എന്നോടു കൽപ്പിച്ചു.