ഉല്പ. 31:17-29

ഉല്പ. 31:17-29 IRVMAL

അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. തന്‍റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. ലാബാൻ തന്‍റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്‍റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്. ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ് പർവ്വതത്തിനു നേരെ തിരിഞ്ഞു. യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാംദിവസം അറിവുകിട്ടി. ഉടനെ അവൻ തന്‍റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടൊപ്പം എത്തി. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാൻ്റെ അടുക്കൽവന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു. ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്‍റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു. ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്‍റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്? നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്. നിങ്ങളോട് ദോഷം ചെയ്യുവാൻ എന്‍റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.

ഉല്പ. 31:17-29 - നുള്ള വീഡിയോ