ഉൽപത്തി 27:18-29

ഉൽപത്തി 27:18-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്ന് അവൻ പറഞ്ഞു. യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾതന്നെ എന്നു പറഞ്ഞു. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. നീ എന്റെ മകൻ ഏശാവുതന്നെയോ എന്ന് അവൻ ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടുചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. പിന്നെ അവന്റെ അപ്പനായ യിസ്ഹാക് അവനോട്: മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക എന്നു പറഞ്ഞു. അവൻ അടുത്തു ചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.

ഉൽപത്തി 27:18-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.” രോമത്തിൽ പൊതിഞ്ഞ യാക്കോബിന്റെ കൈകൾ ഏശാവിൻറേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാൻ ഭാവിച്ചു. ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയോ?” “ഞാൻതന്നെ” എന്ന് യാക്കോബു പറഞ്ഞു. ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകർന്നുകൊടുത്തു. ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ പിതാവിനെ ചുംബിച്ചു. അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്റെ മകന്റെ മണം! അതു സർവേശ്വരൻ അനുഗ്രഹിച്ച വയലിന്റെ മണംപോലെ തന്നെ. ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ. ജനതകൾ നിന്നെ സേവിക്കും, രാജ്യങ്ങൾ നിന്നെ വണങ്ങും, നിന്റെ സ്വന്തക്കാർക്കു നീ യജമാനനാകും. നിന്റെ അമ്മയുടെ തന്നെ മക്കൾ നിന്റെ മുമ്പിൽ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”

ഉൽപത്തി 27:18-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ അപ്പന്‍റെ അടുക്കൽ ചെന്നു: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: “ഞാൻ നിന്‍റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്‍റെ മകനോട്: “മകനേ, നിനക്കു ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്നു ചോദിച്ചു. അതിന് “അങ്ങേയുടെ ദൈവമായ യഹോവ എന്‍റെ നേർക്കു വരുത്തിത്തന്നു” എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്‍റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്‍റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്‍റെ കൈകൾ തന്നെ” എന്നു പറഞ്ഞു. അവന്‍റെ കൈകൾ സഹോദരനായ ഏശാവിന്‍റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. “നീ എന്‍റെ മകൻ ഏശാവ് തന്നെയോ” എന്നു അവൻ ചോദിച്ചു. അതിന്: “അതേ” എന്നു അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക്ക്: “എന്‍റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ മകന്‍റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു. പിന്നെ അവന്‍റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്‍റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: “ഇതാ, എന്‍റെ മകന്‍റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജനതകൾ നിന്നെ വണങ്ങട്ടെ; നിന്‍റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക; നിന്‍റെ മാതാവിൻ്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.”

ഉൽപത്തി 27:18-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു. അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു. അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.

ഉൽപത്തി 27:18-29 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു. അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു. യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു. “അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു. അവന്റെ കൈകൾ ഏശാവിന്റെ കൈകൾപോലെ രോമം നിറഞ്ഞതായിരുന്നതുകൊണ്ട്, അദ്ദേഹം അവനെ തിരിച്ചറിഞ്ഞില്ല; അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. “നീ എന്റെ മകനായ ഏശാവുതന്നെയോ?” എന്ന് അദ്ദേഹം ചോദിച്ചു. “ഞാൻതന്നെ” അവൻ ഉത്തരം പറഞ്ഞു. “മോനേ, നിന്റെ വേട്ടയിറച്ചിയിൽ കുറെ എനിക്കു തരൂ, ഞാൻ ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു. യാക്കോബ് അത് പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നു, അദ്ദേഹം അതു ഭക്ഷിച്ചു. അവൻ വീഞ്ഞും കൊണ്ടുചെന്നു. അതും അദ്ദേഹം പാനംചെയ്തു. പിന്നെ അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “മോനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് അദ്ദേഹത്തെ ചുംബിച്ചു. അവന്റെ വസ്ത്രം മണത്തുനോക്കി യിസ്ഹാക്ക് അവനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ഹാ, എന്റെ മകന്റെ സുഗന്ധം യഹോവ അനുഗ്രഹിച്ച വയലിന്റെ സുഗന്ധംപോലെ. ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ. രാഷ്ട്രങ്ങൾ നിന്നെ സേവിക്കുകയും ജനതകൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ. നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കട്ടെ; നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ നമിക്കട്ടെ. നിന്നെ ശപിക്കുന്നവർ ശപിക്കപ്പെടട്ടെ; നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടട്ടെ.”