GENESIS 27:18-29

GENESIS 27:18-29 MALCLBSI

യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.” രോമത്തിൽ പൊതിഞ്ഞ യാക്കോബിന്റെ കൈകൾ ഏശാവിൻറേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാൻ ഭാവിച്ചു. ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയോ?” “ഞാൻതന്നെ” എന്ന് യാക്കോബു പറഞ്ഞു. ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകർന്നുകൊടുത്തു. ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ പിതാവിനെ ചുംബിച്ചു. അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്റെ മകന്റെ മണം! അതു സർവേശ്വരൻ അനുഗ്രഹിച്ച വയലിന്റെ മണംപോലെ തന്നെ. ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ. ജനതകൾ നിന്നെ സേവിക്കും, രാജ്യങ്ങൾ നിന്നെ വണങ്ങും, നിന്റെ സ്വന്തക്കാർക്കു നീ യജമാനനാകും. നിന്റെ അമ്മയുടെ തന്നെ മക്കൾ നിന്റെ മുമ്പിൽ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”

GENESIS 27 വായിക്കുക

GENESIS 27:18-29 - നുള്ള വീഡിയോ