ഉൽപത്തി 23:10-20

ഉൽപത്തി 23:10-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നുത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും നിനക്കും എന്തുള്ളൂ? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്ന് ഉത്തരം പറഞ്ഞു. അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറ് അവനു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകല വൃക്ഷങ്ങളും, അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

ഉൽപത്തി 23:10-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നഗരവാതില്‌ക്കൽ വച്ച് ഇതു സംസാരിക്കുമ്പോൾ ഹിത്യരുടെ കൂട്ടത്തിൽ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേൾക്കത്തക്കവിധം എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു: “അങ്ങനെയല്ല പ്രഭോ! ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; നിലവും അതിലുള്ള ഗുഹയും എന്റെ ജനത്തിന്റെ സാന്നിധ്യത്തിൽ ഞാൻ അങ്ങേക്കു തരുന്നു; മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക.” അപ്പോൾ അബ്രഹാം അവരെ വണങ്ങിയശേഷം എല്ലാവരും കേൾക്കെ എഫ്രോനോടു പറഞ്ഞു: “ഞാൻ പറയുന്നതു കേട്ടാലും. ഞാൻ നിലത്തിന്റെ വില തരാം; അതു വാങ്ങണം; പിന്നീട് എന്റെ ഭാര്യയുടെ മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളാം.” എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ, എന്നെ ശ്രദ്ധിച്ചാലും; നാനൂറു ശേക്കെൽ വെള്ളിയേ അതിനു വില വരൂ. നമ്മൾ അതിനു കണക്കു പറയണോ? മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക”. എഫ്രോൻ ഹിത്യരുടെ മുമ്പിൽവച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു. അങ്ങനെ മമ്രെക്കു കിഴക്കുള്ള മക്പേലയിലെ എഫ്രോന്റെ നിലവും അതിലെ ഗുഹയും അതിൽപ്പെട്ട എല്ലാ വൃക്ഷങ്ങളും നഗരവാതില്‌ക്കൽ ഉണ്ടായിരുന്ന ഹിത്യരുടെ സാന്നിധ്യത്തിൽ അബ്രഹാമിന് അവകാശമായി ലഭിച്ചു. അതിനുശേഷം അബ്രഹാം തന്റെ ഭാര്യയുടെ മൃതശരീരം കനാനിൽ ഹെബ്രോൻ എന്ന മമ്രെക്കു കിഴക്കുള്ള മക്പേലാനിലത്തിലെ ഗുഹയിൽ സംസ്കരിച്ചു. അങ്ങനെ ഹിത്യരുടേതായിരുന്ന ആ നിലവും അതിലെ ഗുഹയും ശ്മശാനസ്ഥലമെന്ന നിലയിൽ അബ്രഹാമിനു കൈവശമായി.

ഉൽപത്തി 23:10-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: “അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങേയ്ക്ക് തരുന്നു; എന്‍റെ ജനത്തെ സാക്ഷിയാക്കി ഞാൻ അത് അങ്ങേയ്ക്ക് തരുന്നു; അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയചെയ്ത് കേൾക്കേണം; നിലത്തിന്‍റെ വില ഞാൻ അങ്ങേയ്ക്കു തരുന്നത് എന്നോട് വാങ്ങേണം; എന്നാൽ ഞാൻ എന്‍റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: നാനൂറ് ശേക്കല്‍വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങേയ്ക്കും എന്തുള്ളു? അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നുത്തരം പറഞ്ഞു. അബ്രാഹാം എഫ്രോൻ്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെയിടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച് നാനൂറ് ശേക്കൽ വെള്ളി അവനു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്‍റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും സമക്ഷത്തിൽ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. അതിന്‍റെശേഷം അബ്രാഹാം തന്‍റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

ഉൽപത്തി 23:10-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു: അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

ഉൽപത്തി 23:10-20 സമകാലിക മലയാളവിവർത്തനം (MCV)

ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്: “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു. അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട് അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു. എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു. അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും— നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു. അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു. ഇങ്ങനെ ഹിത്യർ ആ പുരയിടവും അതിലെ ഗുഹയും ഒരു ശ്മശാനസ്ഥലമെന്നനിലയിൽ, അബ്രാഹാമിനു നിയമപ്രകാരം കൈമാറ്റംചെയ്തു.