ഉൽപ്പത്തി 23:10-20

ഉൽപ്പത്തി 23:10-20 MCV

ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്: “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു. അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട് അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു. എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു. അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും— നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു. അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു. ഇങ്ങനെ ഹിത്യർ ആ പുരയിടവും അതിലെ ഗുഹയും ഒരു ശ്മശാനസ്ഥലമെന്നനിലയിൽ, അബ്രാഹാമിനു നിയമപ്രകാരം കൈമാറ്റംചെയ്തു.

ഉൽപ്പത്തി 23:10-20 - നുള്ള വീഡിയോ