ഉൽപത്തി 22:15-24

ഉൽപത്തി 22:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്: നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു. അനന്തരം മിൽക്കായും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്ന് അബ്രാഹാമിനു വർത്തമാനം കിട്ടി. അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, ഇദലാഫ്, ബെഥൂവേൽ. ബെഥൂവേൽ റിബെക്കായെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു. അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

ഉൽപത്തി 22:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ഒരു ദൂതൻ, ആകാശത്തുനിന്ന് അബ്രഹാമിനെ വീണ്ടും വിളിച്ചു. ദൂതൻ പറഞ്ഞു: “നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാൻ നീ മടിക്കാഞ്ഞതുകൊണ്ട് ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽത്തരിപോലെയും അത്യധികം പെരുകും. നിന്റെ സന്തതി ശത്രുക്കളെ കീഴടക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട്, നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.” അതിനുശേഷം അബ്രഹാം ഭൃത്യന്മാരുടെ അടുക്കൽ തിരിച്ചുചെന്നു. അവരൊന്നിച്ച് ബേർ-ശേബയിലേക്കു തിരികെ പോന്നു; അബ്രഹാം അവിടെ പാർത്തു. കുറെക്കാലം കഴിഞ്ഞു തന്റെ സഹോദരനായ നാഹോരിന്, മിൽക്കായിൽ മക്കളുണ്ടായ വിവരം അബ്രഹാം അറിഞ്ഞു. അവരിൽ ആദ്യജാതൻ ഊസ് ആയിരുന്നു. അവന്റെ സഹോദരന്മാരായിരുന്നു ബൂസ്, ആരാമിന്റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, യിദ്‍ലാഫ്, ബെഥൂവേൽ എന്നിവർ. റിബേക്കായുടെ പിതാവായിരുന്നു ബെഥൂവേൽ. ഈ എട്ടു പേർ നാഹോരിനു മിൽക്കായിൽ ഉണ്ടായ മക്കളായിരുന്നു. ഇവരെ കൂടാതെ ഉപഭാര്യയായ രെയൂമായിൽ നാഹോരിനു തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരും ജനിച്ചു.

ഉൽപത്തി 22:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനെ വിളിച്ചു അരുളിച്ചെയ്തത്: “നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജനതകളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ച് പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു. അനന്തരം ഒരുവൻ വന്നു “മിൽക്കായും നിന്‍റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു വർത്തമാനം അറിയിച്ചു. അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്‍റെ അനുജൻ ബൂസ്, അരാമിൻ്റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ” എന്നു അബ്രാഹാമിനു അറിവ് കിട്ടി. ബെഥൂവേൽ റിബെക്കായെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിനു പ്രസവിച്ചു. നാഹോരിൻ്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

ഉൽപത്തി 22:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു. അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി. അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ. ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു. അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

ഉൽപത്തി 22:15-24 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.” ഇതിനുശേഷം അബ്രാഹാം തന്റെ ദാസന്മാരുടെ അടുക്കൽ തിരിച്ചെത്തി; അവർ എല്ലാവരും ബേർ-ശേബയിലേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ താമസിച്ചു. “കുറച്ചുനാളുകൾക്കുശേഷം മിൽക്കാ, തന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മക്കളെ പ്രസവിച്ചിരിക്കുന്നു എന്നവിവരം അബ്രാഹാമിനു ലഭിച്ചു. അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്, കെമൂവേൽ (അരാമിന്റെ പിതാവ്), കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ എന്നിവരാണ്.” ബെഥൂവേൽ റിബേക്കയുടെ പിതാവായിരുന്നു. അബ്രാഹാമിന്റെ സഹോദരനായ നാഹോരിന് മിൽക്കാ ഈ എട്ടുപുത്രന്മാരെ പ്രസവിച്ചു. രെയൂമാ എന്നു പേരുള്ള അവന്റെ വെപ്പാട്ടിക്കും പുത്രന്മാർ ജനിച്ചു; അവർ തേബഹ്, ഗഹാം, തഹശ്, മയഖാ എന്നിവരാണ്.