ഉൽപ്പത്തി 22:15-24

ഉൽപ്പത്തി 22:15-24 MCV

യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.” ഇതിനുശേഷം അബ്രാഹാം തന്റെ ദാസന്മാരുടെ അടുക്കൽ തിരിച്ചെത്തി; അവർ എല്ലാവരും ബേർ-ശേബയിലേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ താമസിച്ചു. “കുറച്ചുനാളുകൾക്കുശേഷം മിൽക്കാ, തന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മക്കളെ പ്രസവിച്ചിരിക്കുന്നു എന്നവിവരം അബ്രാഹാമിനു ലഭിച്ചു. അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്, കെമൂവേൽ (അരാമിന്റെ പിതാവ്), കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ എന്നിവരാണ്.” ബെഥൂവേൽ റിബേക്കയുടെ പിതാവായിരുന്നു. അബ്രാഹാമിന്റെ സഹോദരനായ നാഹോരിന് മിൽക്കാ ഈ എട്ടുപുത്രന്മാരെ പ്രസവിച്ചു. രെയൂമാ എന്നു പേരുള്ള അവന്റെ വെപ്പാട്ടിക്കും പുത്രന്മാർ ജനിച്ചു; അവർ തേബഹ്, ഗഹാം, തഹശ്, മയഖാ എന്നിവരാണ്.

ഉൽപ്പത്തി 22:15-24 - നുള്ള വീഡിയോ