ഉൽപത്തി 20:1-7
ഉൽപത്തി 20:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർരാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു. എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാർഥതയോടും കൈയുടെ നിർമ്മലതയോടുംകൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാർഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. ഇപ്പോൾ ആ പുരുഷന് അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക എന്ന് അരുളിച്ചെയ്തു.
ഉൽപത്തി 20:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം അവിടെനിന്നു നെഗെബുദേശത്തേക്കു പോയി, കാദേശിനും സൂരിനും ഇടയ്‍ക്കു വാസമുറപ്പിച്ചു. ഗെരാറിൽ പാർത്തിരുന്നപ്പോൾ, തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രിയിൽ ദൈവം അബീമേലെക്കിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവൾ മറ്റൊരു പുരുഷന്റെ ഭാര്യയാണ്.” അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സർവേശ്വരാ, നിർദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ? ‘ഇവൾ തന്റെ സഹോദരിയാണെന്ന്’ അയാൾ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാർഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാൻ ഇതു ചെയ്തത്.” ദൈവം സ്വപ്നത്തിൽ അരുളിച്ചെയ്തു: “അതേ, നീ പരമാർഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാൻ അനുവദിക്കാതെയിരുന്നത്. അവളെ സ്പർശിക്കാൻ ഞാൻ നിന്നെ അനുവദിച്ചില്ല. ഇപ്പോൾ നീ അവളെ അവളുടെ ഭർത്താവിനു തിരിച്ചേല്പിക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാൽ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.”
ഉൽപത്തി 20:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കേ ദേശത്തേക്ക് യാത്ര പുറപ്പെട്ടു കാദേശിനും ശൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും അങ്ങ് കൊല്ലുമോ ‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്നു അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്നു ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. ഇപ്പോൾ ആ പുരുഷന്‍റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്ളുക” എന്നു അരുളിച്ചെയ്തു.
ഉൽപത്തി 20:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
ഉൽപത്തി 20:1-7 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ അബ്രാഹാം തെക്കേ ദേശത്തേക്കു പോയി; അവിടെ കാദേശിനും ശൂരിനും മധ്യേ താമസിച്ചു. ഇതിനുശേഷം അദ്ദേഹം ഗെരാരിലേക്കുപോയി, അവിടെ പ്രവാസിയായി താമസിക്കുമ്പോൾ അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു. അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്. നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.